കാനഡ: അടുത്ത വര്‍ഷം മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള (ഒഡബ്ല്യുപി) വിദേശികളുടെ കുടുംബാംഗങ്ങള്‍ക്കും തൊഴില്‍ നല്കാന് കാനഡ. രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ നീക്കം. പുതിയ നീക്കം കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും മറ്റ് വിദേശികള്‍ക്കും പ്രയോജനം ഗുണം ചെയ്യും.
താല്‍ക്കാലിക വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നീട്ടുന്നതായി ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് മന്ത്രി സീന്‍ ഫ്രേസര്‍ അറിയിച്ചതായാണ് റിപോര്‍ട്ട്. പുതിയ നയപ്രകാരം 2023 ജനുവരി മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള ജോലിക്കാരുടെ പങ്കാളികള്‍ക്കും മക്കള്‍ക്കും കാനഡയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കുമെന്ന് മന്ത്രി ഷീന്‍ ഫ്രേസര്‍ അറിയിച്ചു.
‘കാനഡ കുടുംബാംഗങ്ങള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് വിപുലീകരിക്കുന്നു 2023 മുതല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുള്ള അപേക്ഷകന്റെ ജീവിതപങ്കാളികള്‍ക്കും കുട്ടികള്‍ക്കും കാനഡയില്‍ ജോലി ചെയ്യാന്‍ യോഗ്യരാകും,” സീന്‍ ഫ്രേസര്‍ ട്വീറ്റ് ചെയ്തു.
‘കാനഡയിലേക്കുള്ള പ്രധാന അപേക്ഷകനെ അനുഗമിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വര്‍ക്ക് പെര്‍മിറ്റിനുള്ള യോഗ്യത വര്‍ദ്ധിപ്പിക്കുന്നത് തൊഴിലുടമകള്‍ക്ക് ആവശ്യമായ തൊഴിലാളികളെ കണ്ടെത്താന്‍ സഹായിക്കുന്നതിലൂടെ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ സഹായിക്കും,’ അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു.
പുതിയ നടപടിയിലൂടെ രണ്ടുലക്ഷത്തിലേറെ വിദേശിയരുടെ കുടുംബാംഗങ്ങള്‍ക്ക് രാജ്യത്ത് ജോലി കണ്ടെത്താന്‍ സാധിക്കും. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കടക്കം നിരവധി വിദേശികള്‍ക്ക് ഇതോടെ ജോലി ലഭിക്കും. രണ്ടുവര്‍ഷത്തേക്കായിരിക്കും താത്കാലികമായി തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുക. മൂന്ന് ഘട്ടങ്ങളിലായിട്ടായിരിക്കും നിര്‍ദ്ദേശം നടപ്പിലാക്കുക. കാനഡയില്‍ വിദേശികള്‍ക്ക് ഏത് തൊഴിലുടമയുടെ കീഴിലും ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ്.