റിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഒട്ടകമേളയുടെ രണ്ടാം ഘട്ടം റിയാദില്‍ നാളെ അവസാനിക്കും. മുപ്പത് ദശലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിലാണ് മേള നടക്കുന്നത്. ദശലക്ഷക്കണക്കിന് ഡോളർ സമ്മാനമായി കിട്ടുന്ന മൽസരത്തിന്റെ നിർണായക മൽസരമാണ് നാളെ നടക്കുക. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒട്ടകമെന്ന റെക്കോർഡ് മറികടന്ന് ഇത്തവണ മൂന്ന് മീറ്റർ നീളമുള്ള മഞ്ഞ നിറമുള്ള ഒട്ടകവും മൽസരത്തിൽ പങ്കെടുക്കുന്നുണ്ട്. എട്ട് വയസ്സ് പ്രായമുള്ള ഈ മഞ്ഞ സുന്ദരി സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ പ്രവശ്യയായ ഹയിൽ നിന്നാണ്. ദിനേന ഇരുപത്തി അയ്യായിരം മുതൽ മുപ്പതിനായിരം വരെ സന്ദർശകരാണ് മേള കാണാനെത്തുന്നത്.

വാരാന്ത്യങ്ങളിൽ ഇത് ഇരട്ടിയാകും. സ്വദേശികളും വിദേശികളും നയതന്ത്ര പ്രതിനിധികളും മേള കാണാനെത്തുന്നുണ്ട്. ആറായിരം പേർക്ക് ഇരിക്കാവുന്ന ഗാലറി എന്നും ഫുള്ളാണ്. 26000 ഒട്ടകങ്ങളാണ് മേളയിൽ പങ്കെടുക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയിരിക്കുന്നത്. ഇതിന് പുറമെ ബഹ്‌റൈൻ, കുവൈത്ത്, യുഎഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നും മൽസരത്തിൽ പങ്കെടുക്കാൻ ഒട്ടകങ്ങൾ എത്തിയിട്ടുണ്ട്. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ പൈതൃകോത്സവം കൂടിയാണ് ഒട്ടകമേള.

സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലെ റുമാ ഗവർണറേറ്റിൽ ദാറത് കിങ് അബ്ദുൽ അസീസ് സെന്ററാണ് മേളയുടെ സംഘാടകർ. രണ്ട് ദശലക്ഷത്തിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന മേള അറബ് രാജ്യത്തെ മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിൽ ഒന്നാണെന്ന് സംഘാടകർ അവകാശപ്പെട്ടു. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയും കുറിച്ചുള്ള ബോധവൽക്കരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

നിറം, തലയുടെ വലിപ്പം, കഴുത്തിന്റെ നീളം, മുതുക്, കണ്ണുകളുടെ വലിപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ തുടങ്ങിവയാണ് വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ. അതേസമയം മൽസരത്തിൽ പങ്കെടുക്കുന്ന ഒട്ടകങ്ങൾക്ക് ഉത്തേജക മരുന്ന് നൽകിയും പ്ലാസ്റ്റിക് സർജറി നടത്തിയും മൽസരത്തിന് ഇറക്കുന്നത് ശ്രദ്ദയിൽ പെട്ടതായി അധികൃതർ അറിയിച്ചു. ഇത്തരത്തിലുള്ള ഇരുപത് കേസുകളാണ് ഇതിനകം രേഖപ്പെടുത്തിയിരുക്കുന്നത്. മൽസരത്തിൽ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹ വില നൽകി സ്വന്തമാക്കാൻ മേളയുടെ ഭാഗമായി ഒട്ടക ലേലവും പരേഡും സംഘടിപ്പിക്കും. പരമ്പരാഗത നൃത്തം, കവിത ചൊല്ലൽ മത്സരം, നാടൻ പാട്ട് മൽസരങ്ങൾ തുടങ്ങി ഒട്ടേറെ കലാ പരിപാടികൾക്കും മേള വേദിയാകും.

വാർത്ത: നൗഫൽ പാലക്കാടൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook