റിയാദ്: സൗദി അറേബ്യയിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് വിജ്ഞാപനം പുറത്തിറക്കിയത്. അലി അൽ ഗഫീസിന് പകരം പുതിയ തൊഴിൽ സാമൂഹ്യ-ക്ഷേമ വകുപ്പ് മന്ത്രിയായി അഹ്മദ് ബിൻ സുലൈമാൻ അൽ റാജിയെ നിയമിച്ചു.
അൽ ഉല റോയൽ കമ്മീഷൻ ഗവർണറായ അമീർ ബദർ ബിൻ അബ്ദുള്ള ബിൻ ഫർഹാനാണ് പുതിയ സാംസ്കാരിക വകുപ്പ് മന്ത്രി. ശൈഖ് അബ്ദുൽ ലത്തീഫ് അൽ ശൈഖാണ് പുതിയ ഇസ്‌ലാമികകാര്യ വകുപ്പ് മന്ത്രി.
ഹൈയ മതകാര്യ പൊലീസ് മേധാവിയായിരുന്നു പുതിയ ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് അബ്ദുൽ ലത്തീഫ്. മക്കയടക്കമുള്ള പുണ്യ നഗരങ്ങളുടെ മേൽനോട്ടത്തിന് പുതിയ റോയൽ കൗൺസിലും നിലവിൽ വന്നു. ശൈഖ് സാലിഹ് ബിൻ അബ്ദുൽ അസീസിനാണ് പുതിയ കൗൺസിലിന്റെ ചുമതല.
അബ്ദുള്ള അൽ സദാനാണ് പുതിയ യാമ്പു-ജുബൈൽ ചീഫ് ഓഫ് റോയൽ കമ്മീഷൻ. ഇതിന് പുറമെ വിവിധ മന്ത്രാലയങ്ങളിലായി സഹ മന്ത്രിമാരെ നിയമിച്ചു.
വാർത്ത: നൗഫൽ പാലക്കാടൻ