മനാമ: രാജ്യത്ത് ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ നിറം മാറുന്നതിനു മുമ്പു മുന്നറിയിപ്പു നല്‍കുന്ന സംവിധാനം സ്ഥാപിക്കാനുള്ള പ്രവർത്തനം, മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഉടനെ യഥാര്‍ഥ്യമാവും. ട്രാഫിക് ലൈറ്റുകള്‍ പൊടുന്നനെ നിറം മാറുന്നത് അപകടത്തിനു കാരണമാകുന്നതായി കാണിച്ച് ഉത്തര മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ അഹമ്മദ് അല്‍ കൂഹെജിയാണ് ഈ നിര്‍ദ്ദേശം ആദ്യം മുന്നോട്ടു വച്ചിരുന്നത്.

എംപിമാരുടെ പിന്തുണയോടെ നിര്‍ദ്ദേശം കൗണ്‍സില്‍ പൊതുമരാമത്ത്, മുനിസിപ്പല്‍ കാര്യ, നഗരാസൂത്രണമന്ത്രി ഇസ്സാം ഖലാഫിനു സമര്‍പ്പിക്കുകയായിരുന്നു. നിര്‍ദ്ദേശത്തിനു പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അംഗീകാരം നല്‍കിയതോടെ ഉടനെ പരിഷ്‌കാരം നടപ്പില്‍ വരുമെന്നു അല്‍ കൂഹെജി പറഞ്ഞു.

പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് സിഗ്‌നലില്‍ ഉണ്ടാവുന്ന അപകടങ്ങള്‍ തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ഘടിപ്പിച്ച ഡിജിറ്റല്‍ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ അപകടം പൂര്‍ണമായി കുറയ്ക്കാന്‍ കഴിയൂ എന്നും അദ്ദേഹം പറയുന്നു. ആദ്യം ചെറിയ കവലകളില്‍ പദ്ധതി നടപ്പാക്കി ഫലം വിലയിരുത്തിയ ശേഷമായിരിക്കണം പ്രധാന കവലകളില്‍ പദ്ധതി നടപ്പാക്കേണ്ടതെന്നു മന്ത്രാലയത്തോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നിലവിലെ ലൈറ്റിങ് സംവിധാനം റീ പ്രോഗ്രാം ചെയ്തു പദ്ധതി യാഥാര്‍ഥ്യമാക്കുന്ന പക്ഷം വലിയ ചെലവുവരില്ലെന്നാണ് അദ്ദേഹം പറയുന്നത്.

സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍; ലോക നേതാക്കള്‍ ബഹ്‌റൈനില്‍ സമ്മേളിക്കും
മനാമ: ലോകം അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കുന്നതു സംബന്ധിച്ചു നയ രൂപീകരണത്തിനായി ലോക നേതാക്കള്‍ അടുത്ത മാസം ബഹ്‌റൈനില്‍ സംഗമിക്കും. അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐഐഎസ്എസ്) രണ്ടാമതു സമ്മേളനത്തിനാണു ബഹ്‌റൈന്‍ വേദിയാവുന്നത്. സെപ്തംബര്‍ 16, 17 തീയതികളിലാണ് ബഹ്‌റൈന്‍ ബേ ഫോറം നടക്കുന്നത്. ‘മെനാ ഇക്കണോമീസ്: പൊസിഷനിങ്ങ് ഫോര്‍ എ ന്യൂ വേള്‍ഡ് (ഡിസ്) ഓര്‍ഡര്‍’ എന്ന തലക്കെട്ടിലാണു സമ്മേളനം നടക്കുന്നത്.

അഞ്ചു സെഷനുകളായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദഗ്ധരും സംബന്ധിക്കും. ബഹ്‌റൈന്‍ പ്രതിനിധികളായി എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് അല്‍ റുമൈഹി എന്നിവര്‍ സ്‌മ്മേളനത്തില്‍ സംബന്ധിക്കും. ഈജിപ്ഷ്യന്‍ ധന മന്ത്രി അമര്‍ അല്‍ അമര്‍ അല്‍ ഗാര്‍ഹി, സ്വീഡന്‍ മുന്‍ പ്രധാനമന്ത്രി കാള്‍ ബില്‍ഡിറ്റ്, സൗദി ഡപ്യൂട്ടി മിനിസ്റ്റര്‍ ഓഫ് ഇക്കണോമി ആന്റ് പ്ലാനിങ്ങ് മുഹമ്മദ് അല്‍ തുവൈജിരി, ലബനന്‍ മുന്‍ സാമ്പത്തിക, വ്യവസായ മന്ത്രി ഡോ. നാസ്സര്‍ സൈയ്യിദി എന്നിവരും പങ്കെടുക്കുന്നുണ്ട്.

മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മെനാ) മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മറികടന്നുകൊണ്ടു പുതിയ ലോക ക്രമത്തിലേക്കു ചുവടുവെക്കുന്നതിനെ കുറിച്ചാണു പ്രധാനമായും സമ്മേളനം ചര്‍ച്ച ചെയ്യുക. ജിയോ- ഇക്കണോമിക്, ജിയോ പൊളിറ്റിക് മാനദണ്ഡങ്ങളിലേക്ക് അമേരിക്ക, യൂറോപ്യ, ഏഷന്‍ രാജ്യങ്ങളുടെ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണു മെനാ രാഷ്ട്രങ്ങള്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത്.
വികസനത്തിനായുള്ള സാമ്പത്തിക വിനിയോഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പണത്തിന്റെ കമ്മി നികത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സമ്മേളനം നിര്‍ണായക പങ്കുവഹിക്കും. വിവിധ വിഷയങ്ങളിലെ അഞ്ചു സെഷനുകളാണു സമ്മേളനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ