റിയാദ്: കോവിഡ് കാര്‍മേഘം നീങ്ങിത്തുടങ്ങിയതോടെ വീണ്ടും സജീവമാകാനൊരുങ്ങി സൗദി അറേബ്യയിലെ വാണിജ്യ മേഖല. രാജ്യത്ത് ഇന്നലെ 147 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞയാഴ്ച ഇത് നൂറില്‍ താഴെയായിരുന്നു. കോവിഡ് രാജ്യം വിടാനൊരുങ്ങുന്നുവെന്ന സൂചനയാണ് പുതിയ റിപ്പോര്‍ട്ടുകളെല്ലാം നല്‍കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൗദി ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുകളും മറ്റു നിയന്ത്രണങ്ങളും വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിരുന്നു. വിമാന സര്‍വിസ് നിലച്ചതോടെ വരവ്-പോക്കുകള്‍ സ്തംഭിച്ചതിനാല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, തുണിക്കടകള്‍, ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി വിവിധ മേഖലകള്‍ കടുത്ത പ്രതിസന്ധി നേരിട്ടു. മാര്‍ച്ച് 31 മുതല്‍  യാത്രാ വിലക്കുകള്‍ പൂര്‍ണമായി പിന്‍വലിക്കുന്ന സാഹചര്യത്തില്‍ വിപണി വീണ്ടും സജീവമായി തുടങ്ങി.

Also Read: സൗദി യാത്രാവിലക്ക് നീങ്ങുന്നു; മാർച്ച് 31 മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കും

വാര്‍ഷിക അവധിക്കു നാട്ടിലേക്കു പോകാന്‍ പ്രവാസികളില്‍ പലരും തൊഴിലുടമകള്‍ക്ക് അപേക്ഷ നല്‍കി. ഇതുവരെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള അവശ്യ സാധങ്ങള്‍ മാത്രം വാങ്ങിയിരുന്നവര്‍ ഇനി നാട്ടിലേക്കു കൊണ്ടു പോകാന്‍ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും സമ്മാനങ്ങളും മറ്റും വാങ്ങിത്തുടങ്ങുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ.

വിമാനയാത്ര സാധാരണ രീതിയിലാകുന്നതോടെ ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും നല്ല കാലം തിരിച്ചു വരും. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിനാല്‍ നിരവധി കുടുംബങ്ങളാണ് നാട്ടിലേക്കു പോയത്. അപ്രതീക്ഷിതമായി വിമാന സര്‍വീസ് നിലച്ചതോടെ ഇവരെല്ലാം സ്വദേശത്ത് കുടുങ്ങിയിരുന്നു.

ഇതിനുപുറമെ ആശ്രിത വിസയിലും സന്ദര്‍ശക വിസയിലും എത്തേണ്ട നൂറ് കണക്കിനു കുടുംബങ്ങള്‍ക്കു സൗദിയിലേക്കു പ്രവേശിക്കാനുമായില്ല. യാത്രാവിലക്ക് നീങ്ങിയതിനാല്‍ ഏപ്രില്‍ ആദ്യവാരത്തോടെ ഇവരെല്ലാം എത്തിത്തുടങ്ങും. കോണ്‍സുലേറ്റുകള്‍ തുറന്ന് ടൂറിസ്റ്റ്, സന്ദര്‍ശക വിസകളുടെ സ്റ്റാമ്പിങ് ആരംഭിച്ചാല്‍ ആ ഗണത്തിലും ധാരാളം ആളുകള്‍ രാജ്യത്തേക്ക് പ്രവേശിക്കും. ഇതെല്ലാം വിപണിയില്‍ കാര്യമായ ചലനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സൗദിയിലെ സംരംഭകര്‍.

Also Read: കോവിഡ് പ്രതിസന്ധിയില്‍ കൈകോര്‍ത്ത് പ്രവാസികള്‍; 30 പേരുടെ കൂട്ടായ്മയില്‍ മത്സ്യ-മാംസ സ്റ്റോറുകളുടെ ശൃംഖല

രണ്ട് ലക്ഷത്തോളം ആളുകളാണ് ഇതുവരെ സൗദി അറേബ്യയിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചത്. മാർച്ച് അവസാനത്തോടെ രാജ്യത്തിന്റെ 60 ശതമാനം പേരിലേക്ക് വാക്സിനെത്തും. ഇത് കോവിഡ് ഭീതി പൂർണമായും നീക്കുമെന്നാണ് വിലയിരുത്തൽ.

ഖത്തർ-സൗദി പ്രതിസന്ധി അവസാനിച്ചതോടെ, ഇരു രാജ്യങ്ങളും അതിർത്തി പങ്കിടുന്ന സൗദിയിലെ കിഴക്കൻ പ്രവിശ്യയായ അൽ-ഹസ ഉൾപ്പടെയുള്ള നഗരങ്ങളിലെ വ്യാപാര കേന്ദ്രങ്ങൾ ദിവസങ്ങൾക്കകം വലിയ പുരോഗതി നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook