റിയാദ്: റിയാദിൽ റസ്റ്റോറന്റിന്റെ മുൻഭാഗം തകർന്നുവീണ് മലയാളിയും തമിഴ്‌നാട് സ്വദേശിയും മരിച്ചു. നഗരത്തിന്റെ കിഴക്കുഭാഗമായ റൗദ് ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിലുള്ള മലാസ് റസ്റ്റോറന്റിലാണ് ഞായറാഴ്‌ച രാവിലെ ഒൻപതോടെ അപകടമുണ്ടായത്.

കായംകുളം  കീരിക്കാട് തെക്ക് സ്വദേശി വൈക്കത്ത് പൊതുവേൽ അബ്ദുൽ അസീസ് കോയക്കുട്ടിയും(60 വയസ്) തമിഴ്നാട് നാഗർകോവിൽ സ്വദേശിയുമാണ് മരിച്ചത്. ഇവർ കടയുടെ മുൻവശത്ത് നിൽക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുൻ ഭാഗം ഭാഗികമായി നിലംപൊത്തുകയായിരുന്നു. പാരപ്പെറ്റും സൺഷെയ്‌ഡും റസ്റ്റോറന്റിന്റെ ബോർഡും അടക്കമുള്ളത് നിലത്തുവീണു. ഇതിനടിയിൽ പെട്ടാണ് ഇരുവരും മരിച്ചത്. സമീപത്തുണ്ടായിരുന്ന ആറോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അപ്പോൾ തന്നെ ശുമൈസി കിങ് സയ്യദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: റിയൽ ഹീറോ; സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

പൊലീസ് എത്തി 11 മണിയോടെ മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പ്രഭാത ഭക്ഷണത്തിന്റെ സമയമായതിനാൽ നിരവധിയാളുകൾ റസ്റ്റോറന്റിൽ ഉണ്ടായിരുന്നു. സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ് മരിച്ച അബ്ദുൽ അസീസ്. അദ്ദേഹം ഭക്ഷണം കഴിക്കാൻ പതിവായെത്തുന്നത് ഇവിടെയാണ്. പ്രാതലിന് ശേഷം തിണ്ണയിലിറങ്ങി നിൽക്കുമ്പോഴായിരുന്നു അപകടം. സാമൂഹിക പ്രവർത്തകൻ കൂടിയായ അബ്ദുൽ അസീസ് റിയാദിലെ കേളി കലാസാംസ്കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമാണ്. റഫിയയാണ് ഭാര്യ. രണ്ട് മക്കൾ. ആരിഫ്, ആഷിന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook