ജിദ്ദ: സൂപ്പർ ക്ലാസിക്കോ ചതുർ രാഷ്ട്ര ഫുട്‌ബോളിലെ ഏറ്റവും ആവേശകരമായ ബ്രസീൽ- അർജന്റീന മത്സരം ഒക്ടോബർ 16 ചൊവ്വാഴ്‌ച രാത്രി ഒമ്പത് മണിക്ക് ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ-ജൗഹറ സ്റ്റേഡിയത്തിൽ നടക്കും.

വ്യാഴാഴ്ച മുതൽ ഓൺലൈനിൽ ലഭ്യമായ ടിക്കറ്റുകളിൽ ഭൂരിഭാഗവും അന്ന് തന്നെ വിറ്റു തീർന്നു, ബാക്കിയുള്ളവ വെള്ളിയാഴ്‌ചയോടെ വിട്ടു തീർന്നു. 62,241 കാണികൾക്ക് ഇരുന്ന് കാണാനുള്ള സൗകര്യമാണ് അൽ- ജൗഹറ സ്റ്റേഡിയത്തിൽ ഉള്ളത്.

തങ്ങളുടെ സ്വപ്ന ടീമുകളുടെ കളി കാണാൻ ടിക്കറ്റ് എടുത്തുവരിൽ വലിയൊരു വിഭാഗം മലയാളികളുമുണ്ട്. ജിദ്ദയിൽ ബ്രസീൽ , അർജന്റീന ടീമുകളുടെ ആരാധകരായ മലയാളികൾ നിരവധിയാണ്. ലയണൽ മെസ്സിയും, സെർജിയോ അഗ്യൂറോയും, ഗോൺസാലോ ഹിഗ്വയ്‌നും, ഡിമരിയയും ഒന്നുമില്ലാത്തതിന്റെ നിരാശ അർജന്റീനയുടെ ആരാധകർക്ക് ഉണ്ട്.

കഴിഞ്ഞ ദിവസം റിയാദിൽ നടന്ന സൂപ്പർ ക്ളാസിക്കോയിലെ ആദ്യ മത്സരത്തിൽ ഇറാഖിനെ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത യുവന്റസ് താരം പാബ്ലോ ഡിബാലയുടെ നേതൃത്വത്തിലുള്ള ടീം തങ്ങളുടെ മികച്ച പെർഫോമൻസ് തന്നെ ജിദ്ദയിൽ  ബ്രസീലിനെതിരെ പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് അർജന്റീനിയൻ ആരാധകർ.

ബ്രസീൽ ടീം ഇറങ്ങുന്നത് തങ്ങളുടെ സൂപ്പർ താരങ്ങളായ നെയ്മർ, കുടീഞ്ഞോ, തിയാഗോ സിൽവ, ഗബ്രിയേൽ ജീസസ് തുടങ്ങിയ മികച്ച നിരയുമായിട്ടാണ് എന്നുള്ളത് ബ്രസീൽ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നു. ചതുർരാഷ്ട്ര മത്സരത്തിലെ രണ്ടാമത്തെ മത്സരത്തിൽ വെള്ളിയാഴ്ച ആതിഥേയരായ സൗദി അറേബ്യായെ ഏകാക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

വാർത്ത : നാസർ കാരക്കുന്ന്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook