റിയാദ്: റമസാൻ മാസത്തിന്റെ അവസാന ദിനങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ ഹറം പള്ളിയിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തി. 30 ബോംബ് സ്‌കോഡുകൾ ഹറം പരിസരത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അത്യാധുനിക സൗകര്യങ്ങളോടെയാണ് സ്കോഡ് പ്രവർത്തിക്കുന്നത്. ഹറം പരിസരത്തും വാഹനങ്ങളിലും പരിശോധനയുണ്ടാകും. ആദ്യമായാണ് മക്കയിൽ സുരക്ഷക്കായി ബോംബ് സ്കോഡെടെത്തുന്നത്. ഹറം പള്ളിയിലും പള്ളിയുടെ പരിസരങ്ങളിലെ ഹോട്ടലിലേക്കും തീപിടിക്കാനും മറ്റ് അപകടങ്ങളുണ്ടാകാനും സാധ്യതയുള്ള എല്ലാ വസ്തുക്കൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സൗദി വ്യോമയാന വകുപ്പിന് കിഴിൽ മക്കയിലെ മസ്ജിദുൽ ഹറമിലും പരിസരത്തുമായി ഒൻപത് ഹെലികോപ്റ്ററുകളാണ് സുരക്ഷാ ചിറകുകൾ വിരിച്ച് പറക്കുന്നത്.

അത്യാധുനിക സംവിധാനത്തോടെയുള്ള ഹെലികോപ്റ്ററുകൾ ഹറം മസ്ജിദ് പരിസരം, ഹറമിലേക്ക് എത്തിച്ചേരുന്ന വഴികൾ, ജിദ്ദ, മക്ക, മദീന എന്നീ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേകൾ ഉൾപ്പടെ എല്ലാ നിരത്തുകളിലും ഹെലികോപ്ടറിന്റെ സുരക്ഷ പരിശോധനയുണ്ടാകും. ആധുനിക ടെലികമ്മ്യൂണിക്കേഷൻ ടെക്‌നോളജിയും പ്രഥമ വൈദ്യസഹായം നൽകാൻ വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയാണ് ഹെലികോപ്‌ടറുകൾ പറക്കുന്നതെന്ന് വ്യോമയാന സുരക്ഷാ കമാൻഡർ മുഹമ്മദ് ബിൻ ഈദ് അൽ ഹറബി വ്യക്തമാക്കി. അടിയന്തിര വൈദ്യസഹായം ആവശ്യം വന്നാൽ രോഗികളുമായി പറന്നെത്തുന്ന ഹെലോകോപ്ടറുകളെ സ്വീകരിക്കാൻ ഹോസ്പിറ്റലുകളിൽ ഹെലിപാഡുകളും പ്രവർത്തനസജ്ജമായിട്ടുണ്ട്.

കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി, അൽ നൂർ ഹോസ്പിറ്റൽ, ഹിറ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് അടിയന്തിര വൈദ്യസഹായത്തിനായി രോഗികളുമായെത്തുന്ന ഹെലികോപ്ടറുകൾക്ക് ലാൻഡ് ചെയ്യാൻ ഹെലിപാഡുകൾ ഒരുക്കിയിട്ടുള്ളത്. വ്യോമയാന സുരക്ഷക്ക് പുറമെ റമസാനിൽ മക്കയിലുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും ഹറമിലെത്തുന്ന തീർത്ഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനും വിവിധ സുരക്ഷാ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തനങ്ങൾ സുസജ്ജമാണ്. മക്കയിൽ ട്രാഫിക് വിഭാഗം 119 ഓഫിസർമാരുടെ കീഴിലായി 3000 പേർ സേവനരംഗത്തുണ്ട്. ട്രാഫിക് നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ രഹസ്യ പൊലിസ് സംഘങ്ങളും ക്യാംപ് ചെയ്യുന്നുണ്ട്. ഹറം പരിസരത്ത് തിരക്ക് കുറക്കാൻ ഗതാഗത നിയന്ത്രണമുണ്ടാകും. സമാധാനപൂർണവും ഭക്തിനിർഭരവുമായ അന്തരീക്ഷത്തിൽ ഉംറ നിർവഹിക്കാനും സന്ദർശനം നടത്താനും എല്ലാ ഒരുക്കങ്ങളും സൗദി ഗവൺമെന്റ് പൂർത്തിയാക്കിയിട്ടുണ്ട്. റമസാൻ അവസാന പത്ത് ദിവസങ്ങളിൽ രാത്രി വൈകി നമസ്കാരവും പ്രാർത്ഥനയും കഴിയുന്ന തീർത്ഥാടകർക്ക് അത്താഴം ഹറമിൽ തന്നെ നൽകാൻ മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ നിർദേശം നൽകിയിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ