മനാമ: കഴിഞ്ഞ വര്‍ഷം ഈസ്റ്റ് എക്കാറിനടുത്ത നുവൈദറത്തില്‍ അധ്യാപികയുടെ മരണത്തിനിടയാക്കിയ കുഴി ബോംബ് സ്‌ഫോടനത്തില്‍ മുഖ്യ പ്രതിക്ക് വധ ശിക്ഷ. കേസില്‍ ഒരാള്‍ക്കു ജീവപര്യന്തവും (25 വര്‍ഷം) മറ്റു ഏഴു പേര്‍ക്കു മൂന്നു വര്‍ഷം വീതം തടവുമാണു ശിക്ഷ. രണ്ടു പ്രതികളുടെ പൗരത്വം റദ്ദാക്കി. തെളിവില്ലാത്തത്തിന്റെ പേരില്‍ പ്രതിയായ വനിതയെ വെറുതെവിട്ടു.

കഴിഞ്ഞവര്‍ഷം ജൂണില്‍ ഈസ്റ്റ് എക്കാറിനു സമീപം ഷെയ്ഖ് ജാബെര്‍ അല്‍ അഹ്മദ് അല്‍ സബാ ഹൈവേയിലായിരുന്നു യുഎസ് നിര്‍മ്മിത കുഴി ബോംബ് പൊട്ടി ഫഖ്രിയ മുസ്‌ലിം അഹമ്മദ് ഹസന്‍ (42) എന്ന അധ്യാപിക കൊല്ലപ്പെട്ടത്. തന്റെ മൂന്നു മക്കളോടൊപ്പം കാറോടിച്ച് പോകുകയായിരുന്നു ഇവര്‍. ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചീളുകള്‍ അധ്യാപികയുടെ തലയില്‍ തുളഞ്ഞു കയറി. തുടര്‍ന്നു നിയന്ത്രണം വിട്ട കാര്‍ റോഡിനു നടുവില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു വേലിയില്‍ ഇടിച്ചു തകര്‍ന്നു. കാറില്‍ ഉണ്ടായിരുന്ന മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റു. സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു സംഘം നടത്തിയ സ്‌ഫോടനത്തിലാണ് അധ്യാപികയ്ക്കു ജീവന്‍ നഷ്ടമായതെന്നു കോടതി വിലയിരുത്തി.

ദ്രുത അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡില്‍ നിന്നു പരിശീലനം ലഭിച്ചതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ആസൂത്രിത കൊലപാതകം, വിദേശ രാജ്യങ്ങളുമായുള്ള ആശയ വിനിമയം, അംഗീകാരമില്ലാത്ത സ്‌ഫോടക വസ്തുക്കളുടേയും ആയുധങ്ങളുടേയും ഉപയോഗം, നരഹത്യക്കു കാരണമാകുന്ന വിധത്തില്‍ ആയുധങ്ങളുടെ പ്രയോഗം, പൊതുസ്വകാര്യ ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കല്‍, ഭീകര കുറ്റകൃത്യങ്ങള്‍ക്കായി ആയുധസ്‌ഫോടക വസ്തു പരിശീലനം നേടുകയും പ്രയോഗിക്കുകയും ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നതെന്നു ഭീകര കുറ്റകൃത്യ പ്രോസിക്യൂഷന്‍ മേധാവി അഡ്വ. ജനറല്‍ അഹ്മദ് അല്‍ ഹമ്മാദി അറിയിച്ചു.

ദുറാസ് ഭീകരാക്രമണം: പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ബഹ്‌റൈന്‍
മനാമ: കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ ദുറാസ്സില്‍ പൊലീസ് പട്രോള്‍ സംഘത്തിനു നേരെയുണ്ടായ ഭീകാരാക്രമണത്തെ മന്ത്രിസഭായോഗം ശക്തമായി അപലപിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ കുടുംബത്തെ മന്ത്രിസഭ അനുശോചനം അറിയിച്ചു. അക്രമത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മന്ത്രിസഭ ആശംസിച്ചു. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഈ ക്രൂര കൃത്യത്തിന് തക്കതായ ശിക്ഷ ഉറപ്പു വരുത്തുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

ബഹ്‌റൈനിലെ ആഭ്യന്തര കാര്യങ്ങള്‍ നേരിടുന്നത് പരമാധികാരത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപെടലുകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി സഭ വ്യക്തമാക്കി. ജിസിസി രാജ്യങ്ങളുടെ പരമാധികാരത്തില്‍ അധിഷ്ഠിതമായ വ്യവസ്ഥകളേയും അറബ്, ഇസ്‌ലാമിക പശ്ചാത്തലത്തേയും തള്ളിക്കളയുന്നതാണ് ബഹ്‌റൈനെതിരായ ഇത്തരം നീക്കങ്ങളെന്നും യോഗം വിലയിരുത്തി. രാജ്യത്തിന്റെ അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ഒരു നീക്കവും ബഹ്‌റൈന്‍ അംഗീകരിക്കില്ല. രാജ്യത്തിന്റെ സുരക്ഷക്കും സുസ്ഥിരതയ്ക്കും ആഭ്യന്തര സമാധാനത്തിനും ഭംഗം വരുത്തുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന പ്രതിവാര യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫയ്ക്കും ബഹ്‌റൈനി, അറബ്, ഇസ്‌ലാമിക ജനതയക്കും പ്രധാനമന്ത്രി ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്നു.
രാജാവിന്റെ വിജയകരമായ യുഎഇ സന്ദര്‍ശനത്തെ ക്യാബിനറ്റ് പ്രകീര്‍ത്തിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷ്ദി അല്‍ മക്തും, ദുബായ് കിരീടാവകാശിയും ഡപ്യൂട്ടി സുപ്രിം കമാന്ററുമായ ഷെയഖ് മുഹമ്മദ് ബിന്‍ സയദ് അല്‍നഹ്യാന്‍ എന്നിവരുമായി ഇരു സഹോദര രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനു വഴിയൊരുക്കുന്ന ചര്‍ച്ചകള്‍ നടത്താന്‍ കഴിഞ്ഞതായും യോഗം വിലയിരുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook