മനാമ: രക്തദാനത്തിന് സ്മാര്‍ട്ട് മാതൃകയുമായി ബഹ്‌റൈന്‍ കെഎംസിസി. ‘ജീവസ്പര്‍ശം’ എന്ന പേരില്‍ നടത്തുന്ന രക്തദാന സേവനങ്ങള്‍ ജനങ്ങള്‍ക്കു വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നതിനുള്ള മൊബൈല്‍ ആപ്പ് യാഥാര്‍ഥ്യമായി. 5000ത്തോളം വോളന്റിയര്‍മാരെ ഉള്‍ക്കൊള്ളുന്നതാണ് ഇപ്പോള്‍ സജ്ജമായ ‘ബ്ലഡ്ബുക്ക്’ എന്ന ആപ്ലിക്കേഷന്‍.

ജിസിസിയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ആപ്ലിക്കേഷന്‍. മിഡില്‍ ഈസ്റ്റ് ചന്ദ്രിക വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ലഞ്ച് വിത്ത് ലീഡേഴ്‌സ് പരിപാടിയില്‍ മൊബൈല്‍ ആപ്പ് ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണു നിര്‍വഹിച്ചത്. ഇതിനോടകം നിരവധി പേരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ജീവസ്പര്‍ശത്തിലൂടെ കഴിഞ്ഞു. ബഹ്‌റൈനിലെ സല്‍മാനിയ, ബിഡിഎഫ് ഹോസ്പിറ്റലുകളിലുമായി 15 രക്ത ദാന ക്യാമ്പും അഞ്ച് എക്‌സ്പ്രസ് ക്യാമ്പുകളും കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ജീവസ്പര്‍ഷം പദ്ധതി പ്രകാരം നിര്‍വഹിച്ചു. ജീവരക്തം സ്വീകരിച്ച് ജീവിതത്തിലേക്കു തിരിച്ചെത്തിയവര്‍ 3000 ത്തില്‍ അധികമാണ്. മികച്ച രക്തദാന പ്രവര്‍ത്തനത്തിനു ബഹ്‌റൈന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പ്രശംസാപത്രം നേടിയെടുത്ത ഈ പദ്ധതി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥമാണ് ആവിഷ്‌കരിച്ചത്.

രക്തദാനത്തിനായി ‘ജീവസ്പര്‍ശം. കോം’ എന്ന പേരില്‍ വെബ്‌സൈറ്റ് നേരത്തെ നിലവിലുണ്ട്. അടിയന്തിര ഘട്ടത്തില്‍ രക്തം ലഭ്യമാക്കാന്‍ 24 മണിക്കൂറും ലഭ്യമാകുന്ന ഡയറക്ടറിയും സജ്ജമാണ്. രക്തം ആവശ്യമുള്ളവര്‍ക്ക് എസ്എംഎസ് വഴി സേവനം എത്തിക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. എ.പി.ഫൈസല്‍ ജനറല്‍ കണ്‍വീനറും അഷ്‌റഫ് തോടന്നൂര്‍, ഫൈസല്‍ കോട്ടപ്പള്ളി എന്നിവര്‍ കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണു ബഹ്‌റൈനില്‍ ഇതിനു നേതൃത്വം നല്‍കുന്നത്. ഫോണ്‍: 39841984. അപകടങ്ങളില്‍ പെടുന്ന പകുതിയിലധികം പേരും മരിക്കുന്നത് ശരിയായ സമയത്തു രക്തം ലഭിക്കാത്തതിനാലാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൂടിയാണ് ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം നല്‍കുന്നതെന്ന് ഇവര്‍ പറഞ്ഞു.

രക്തദാനം ആരോഗ്യത്തെ ദോഷകരമായി ബാധിക്കില്ലെന്നു ശാസ്ത്രീയമായി ബോധ്യപ്പടുത്തുകവഴി തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാമെന്നു പദ്ധതി തെളിയിച്ചു. ‘രക്തം നല്‍കുക, ഇപ്പോള്‍ നല്‍കുക, കൂടെക്കൂടെ നല്‍കുക’ എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടനയുടെ രക്തദാന മുദ്രാവാക്യം. രക്തദാനം ജീവിദാനമെന്ന അടിസ്ഥാന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണു കെഎംസിസി ജീവദാനത്തിന്റെ പാതയില്‍ മുന്നേറുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook