മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്‌സുമായി ചേര്‍ന്നു സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തക മേളയ്ക്കും സാംസ്‌കാരികോല്‍സവത്തിനും മെയ് 17നു തിരിതെളിയും. 17 മുതല്‍ 27 വരെ നീളുന്ന പതിനൊന്നു ദിനരാത്രങ്ങളെ സാംസ്‌കാരികോല്‍സവമാക്കിയാണ് പുസ്തകമേള രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ആക്ടിങ് ജനറല്‍ സെക്രട്ടറി മനോഹരന്‍ പാവറട്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സാഹിത്യകാരനും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ എംപി മേള ഉദ്ഘാടനം ചെയ്യും. ബ്രിട്ടീഷ് ഭരണത്തിലെ ഇരുണ്ട നൂറ്റാണ്ടുകളില്‍ ആണ്ടുകിടന്ന ഇന്ത്യയുടെ ആത്മാവുതേടിയുള്ള പ്രഭാഷണം അദ്ദേഹം നിർവഹിക്കും. തുടര്‍ന്നുള്ള ദിനങ്ങളില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക വന്ദന ശിവ, കരിയര്‍ ഗുരു ബി.എസ്.വാര്യര്‍ എന്നിവര്‍ സംബന്ധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തു പുതിയ കാലത്തു സംഭവിക്കുന്ന ദിശാമാറ്റങ്ങളെ പരിചയപ്പെടാനും ഇന്ത്യയിലെയും വിദേശങ്ങളിലെയും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അവിടങ്ങളിലെ കോഴ്‌സുകള്‍ എന്നിവയറിയാനും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ പ്രയോജനകരമാണു ബി.എസ്.വാര്യരുടെ ക്ലാസ്സ്. വാര്യരുടെ നിരവധി സെഷനുകളാണ് ഈ പുസ്തകോല്‍സവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്.

മെയ് 25, 26 തീയതികളില്‍ അനുബന്ധമായി ജിസിസി സാഹിത്യ ക്യാംപും സംഘടിപ്പിക്കും. മലയാളത്തിന്റെ പ്രിയ നോവലിസ്റ്റും കവിയുമായ മനോജ് കുറൂര്‍, പ്രമുഖ സാഹിത്യ നിരൂപകന്‍ കെ.എസ്.രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കവിതയ്ക്കും കഥയ്ക്കും പ്രത്യേകം സെഷനുകള്‍ ക്യാംപിലുണ്ടാവും. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും കരിയര്‍ ഡവലപ്മെന്റ് സെഷനുകളുമായി വിപുലമായ സൗകര്യങ്ങളാണ് ഈ വര്‍ഷം ഒരുക്കിയത്. പൊതുവിജ്ഞാന തല്‍പരര്‍ക്ക് ഉതകുന്ന ക്വിസ് കോര്‍ണറുകള്‍ മേളയുടെ ആകര്‍ഷണമാണ്. സാംസ്‌കാരികോല്‍സവത്തെ മനോഹരമാക്കുന്ന നിരവധി മല്‍സരങ്ങള്‍കൂടി ഇത്തവണ ഉണ്ടാകും. സാഹിത്യ ക്വിസ്, കഥാ രചനാ മല്‍സരം എന്നിവ ആകര്‍ഷകമായ സമാനങ്ങളോടെയാണു സംഘടിപ്പിക്കുന്നത്.

മലയാള ഭാഷയും സാഹിത്യവും കേന്ദ്രീകരിച്ചു പതിനൊന്നു ദിനരാത്രങ്ങള്‍ നീളുന്ന സാഹിത്യോല്‍സവമാണു സമാജത്തില്‍ നടക്കുക. ഇക്കാലത്തെ മികച്ച ഡിപ്ലൊമാറ്റുകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, അക്കഡമീഷ്യന്മാര്‍ സര്‍വ്വോപരി എഴുത്തുകാര്‍ എന്നിങ്ങനെ ഒരു വന്‍ നിരയാണ് ഈ പുസ്തകോല്‍സവത്തെയും സാംസ്‌കാരികോല്‍സവത്തെയും സമ്പന്നമാക്കുന്നത്. ഈ അസുലഭ അവസരം ബഹ്‌റൈനിലെ എല്ലാ അക്ഷര പ്രേമികളും ഉപയോഗപ്പെടുത്തണമെന്നും അഭ്യര്‍ത്ഥിച്ചു.

താല്‍പര്യമുള്ള പുസ്തകങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സെയില്‍സ് പ്രമോഷന്‍ കമ്മിറ്റി കണ്‍വീനര്‍ അനില്‍ പട്ടുവവുമായി ബന്ധപ്പെടാം. ഡി.സലിം ജനറല്‍ കണ്‍വീനറും സാഹിത്യ വിഭാഗം സെക്രട്ടറി കെസിഫിലിപ്പ് കോഓർഡിനേറ്ററും രാജഗോപാല്‍ ജോയിന്റ് കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉദ്ഘാടന വേളയില്‍ പുസ്തകം വാങ്ങുന്ന പത്തുപേര്‍ക്ക് ശശി തരൂര്‍ ഓട്ടോഗ്രാഫ് ചെയ്ത് അദ്ദേഹത്തിന്റെ പുസ്തകം നല്‍കും. കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ പ്രമുഖ സ്‌കൂളുകളില്‍ നടത്താനും പദ്ധതിയുണ്ട്. പരിപാടികളുടെ റജിസ്‌ട്രേഷനും വിശദ വിവരത്തിനുമായി നിശ്ചിത കണ്‍വീനര്‍മാരുമായോ റജിസ്‌ട്രേഷന്‍ കമ്മിറ്റി കണ്‍വീനര്‍മാരായ പ്രിയ സുനില്‍ (39744981), നിമ്മി റോഷന്‍ (32052047) എന്നിവരുമായോ ബന്ധപ്പെടാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook