അബുദാബി: അതിജീവനത്തിന്റെ കടലാഴം നീന്തിക്കടന്ന്, വിധി അടിച്ചേല്പിച്ച അന്ധതയോട്   നിരന്തരം സംഘർഷപ്പെട്ട്, വാക്കുകളുടെ കൂട്ട് കൊണ്ട് മാത്രം സാന്ത്വനം തേടിയിരുന്ന കാഞ്ഞങ്ങാട്ടുകാരി ബിന്ദു സന്തോഷിന് അക്ഷരാർച്ചനയായി പ്രവാസി സമൂഹത്തിന്റെ മുഴുവൻ പിന്തുണയോടെ പുസ്തകപുണ്യം. ജീവീത പരീക്ഷണങ്ങളെ അതിശയിപ്പിക്കുന്ന ആത്​മവിശ്വാസത്തോടെ നേരിട്ട ബിന്ദു സന്തോഷി​​ന്റെ ആദ്യ പുസ്​തകം ‘വാക്​സ്​ഥലി’യുടെ പ്രകാശനം ഉത്സവമാക്കി മാറ്റാൻ പ്രവാസലോകം കൈമെയ്​ മറന്ന്​ രംഗത്ത്​. വെളളിയാഴ്​ച വൈകിട്ട്​ അഞ്ചിന്​ ദുബായ് ഗൾഫ്​ മോഡൽ സ്​കൂളിൽ നടക്കുന്ന പരിപാടി വിജയിപ്പിക്കാനും പുസ്​തകം വാങ്ങാനും കൂടുതൽ കൂട്ടായ്​മകളും സ്ഥാപനങ്ങളും വ്യക്തികളും മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.

ഇരുപത്തെട്ട് വർഷം മുമ്പ് തന്റെ പത്തൊന്പതാമത്തെ വയസ്സിൽ ഒരു ഡോക്ടർക്ക് സംഭവിച്ച കയ്യബദ്ധത്തിൽ കാഴ്ച ശക്തി നഷ്ടപ്പെടുകയും തുടർന്ന് വൃക്കകൾ തരാറിലാവുകയും ചെയ്ത ബിന്ദു സന്തോഷ് ജീവിതത്തെ തിരിച്ചു പിടിച്ചത് അക്ഷരങ്ങളിലൂടെയായിരുന്നു. പുറം കണ്ണിലെ നഷ്ടപ്പെട്ടുപോയ കാഴ്ച അകക്കണ്ണുകൊണ്ട് പ്രഭാപൂരിതമാക്കുകയായിരുന്നു. 1996 മുതൽ ഭർത്താവ്​ സന്തോഷ്​കുമാറിനൊപ്പം ദുബായിലെത്തിയ ബിന്ദു കാഴ്ചകളുടെ പരിമിതികളില്ലാത്ത അകക്കണ്ണിന്റെ വിശാലമായ ക്യാൻവാസിൽ കുറിച്ചിട്ട കവിതകളും ക്യാപ്സൂൾ കഥകളും അടങ്ങിയതാണ് പ്രവാസലോകത്തെ അക്ഷരസ്നേഹികൾ മുൻകൈയെടുത്ത്​ പുസ്​തകമാക്കി പ്രസിദ്ധീകരിക്കുന്നത്​.

കുറെ നാൾ മുന്പു വരെ സാഹിത്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ബിന്ദു രോഗം തളർത്തിയതിനെ തുടർന്നാണ് കുറച്ചുകാലമായി എഴുത്തിൽ നിന്ന് വിട്ടു നില്ക്കുന്നത്. ചികിത്സകൾ ഭാരിച്ചതായപ്പോൾ ഭീമമായ സാമ്പത്തിക ബാധ്യതകളും വന്നുചേർന്നു.  ബിന്ദുവിന് പിന്തുണയുമായി അറുപതോളം സംഘടനകളും നൂറുക്കണക്കിന് വ്യക്തികളും പുസ്തകം വാങ്ങാൻ തയാറായി മുന്നോട്ടു വന്നിട്ടുണ്ട്.  നോന്പുതുറയോടെ നടക്കുന്ന പ്രകാശനച്ചടങ്ങ് വിജയിപ്പിക്കാൻ വിവിധ സംഘടനകളും സ്ഥാപനങ്ങളും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പേപ്പിറസ് ബുക്സിന്റെ പ്രഥമ പ്രസാധക സംരംഭമായ “വാക് സ്ഥലി” യുടെ പ്രകാശന വേളയിൽ പ്രമുഖ ഇമാറാത്തി കവയിത്രിയും ദുബായ് മുനിസിപ്പാലിറ്റിയിലെ സീനിയർ മീഡിയാ സ്പെഷ്യലിസ്റ്റുമായ ഹംദ അൽ മുർറ് അൽ മുഹൈരി മുഖ്യാഥിതിയായിരിക്കും.

അതിജീവിനത്തിന്റെ പുസ്​തകമെന്ന്​ പേരിട്ട ‘വാക്​സ്​ഥലി’ വാങ്ങാൻ പ്രകാശനത്തിന്​ മുമ്പ്​ തന്നെ തിരക്കാണ്​.  ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ കുറച്ച്​ അക്ഷസ്​നേഹികൾ ചേർന്നെടുത്ത തീരുമാനം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ടുവരികയായിരുന്നു. 55 ലേറെ സംഘടനകളും അതിലെ അംഗങ്ങളും നിരവധി സ്​ഥാപനങ്ങളും പുസ്​തകം വാങ്ങാൻ തയാറായിട്ടുണ്ട്​. ആയിരക്കണക്കിന്​ കോപ്പികൾക്ക്​ ഇതിനകം ഓർഡർ ലഭിച്ചതായി സംഘാടകർ പറയുന്നു.
​ നോമ്പുതുറയോടനുബന്ധിച്ച്​ നടക്കുന്ന ചടങ്ങ്​ വലിയൊരു ഉൽസവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ്​ സംഘാടകർ. പ്രകാശന ചടങ്ങിനുള്ള ഒരുക്കങ്ങളും വ്യക്​തികളും സംഘടനകളും ഏറ്റെടുത്തിരിക്കുകയാണ്​. ബാനറും മൈക്കും ശബ്​ദ സംവിധാനവും മുതൽ  നോമ്പുതുറക്കുള്ള ഭക്ഷണം വരെ ​ഓരോരുത്തർ വാഗ്​ദാനം ചെയ്​തിരിക്കുകയാണ്​. പ്രവാസ ലോകത്ത്​ മാത്രം കാണാനാവുന്ന ഒത്തൊരുമയും സ്​നേഹവായ്​പുമാണ്​ ബിന്ദു സന്തോഷിനും വാക്​സഥലിക്കും വേണ്ടി രൂപം കൊണ്ടത്​.

വാർത്ത: സഫറുള്ള പാലപ്പെട്ടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook