മനാമ: അറബിക്കടലിൽ വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 500 കിലോ ഹാഷിഷ് അമേരിക്കന്‍ നാവികസേനയിലെ മിസൈല്‍ നാശിനിയായ യുഎസ്എസ് ലബൂണാണ് പിടികൂടിയത്. പിടികൂടിയ ലഹരിമരുന്നിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലവരും. ബഹ്‌റൈന്‍ ആസ്ഥാനമായ 31 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലെ സംയുക്ത ദൗത്യസംഘ(സിടിഎഫ് 150)ത്തിലെ അംഗമാണ് യുഎസ്എസ് ലബൂണ്‍. മാര്‍ച്ച് 17ന് വെള്ളിയാഴ്ച പകലാണ് ലഹരിമരുന്ന് പിടികൂടിയതെന്ന് സിടിഎഫ് ചൊവ്വാഴ്ച തങ്ങളുടെ സൈറ്റില്‍ അറിയിച്ചു.

പുറം കടലില്‍ പട്രോളിങ്ങിനിടെ കണ്ട ബോട്ടിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ചാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവ ഹാഷിഷ് ആണെന്ന് വ്യക്തമായി. നിരവധി ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

അഞ്ചു ദിവസത്തിനിടെ യുഎസ്എസ് ലബൂണ്‍ നടത്തുന്ന രണ്ടാമത്തെ വന്‍ ലഹരിമരുന്ന് വേട്ടയാണിത്. കഴിഞ്ഞ 13ന് ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 270 കിലോ ഹെറോയിന്‍ ലബൂണ്‍ പിടികൂടിയിരുന്നു. മൂന്നാഴ്ചക്കിടെ അറബിക്കടലില്‍ നടക്കുന്ന മൂന്നാമത്തെ വന്‍ ലഹരിമരുന്ന് വേട്ടയുമാണിത്. മാര്‍ച്ച് രണ്ടിന് മത്സ്യബന്ധന ബോട്ടില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു 800 കിലോ ഹഷീഷ് ഓസ്‌ട്രേലിയുടെ യുദ്ധ കപ്പലായ എച്ച്എംഎഎസ് അരുന്ധ പിടികൂടിയിരുന്നു. കാപ്പിക്കൊപ്പം ഒളിപ്പിച്ചുകടത്തുകയായിരുന്ന ലഹരിമരുന്ന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 36 ദശലക്ഷം ഡോളര്‍ വിലവരും.

ബഹ്‌റൈന്‍ ആസ്ഥാനമായ 31 രാജ്യങ്ങളുടെ നാവിക കൂട്ടായ്മയായ സംയുക്ത സമുദ്ര സേന(സിഎംഎഫ്)ക്കു കീഴിലെ സംയുക്ത ദൗത്യസംഘ(സിടിഎഫ് 150)ത്തിലെ അംഗമാണ് യുഎസ്എസ് ലബൂണ്‍. വിജയിച്ചാലും പരാജയപ്പെട്ടാലും വളരെ സങ്കീര്‍ണവും അപകടകരവുമാണ് പുറം കടലിലെ ലഹരിമരുന്ന് വേട്ടെയെന്ന് സിടിഎഫ് 150 കമാന്‍ഡര്‍ ഹൈഡന്‍ എഡ്മണ്ട്‌സണ്‍ പറഞ്ഞു. കനാഡായുടെ യുആര്‍എസ്എ എന്ന സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെയായിരുന്നു ലഹരിമരുന്ന് വേട്ട.

സമുദ്രമേഖലയിലെ ഭീകര പ്രവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെ 2002ലാണ് സിടിഎഫ് 150 രൂപീകരിച്ചത്. ഇതുവരെ ഇവര്‍ ലക്ഷകണക്കിന് ഡോളറിന്റെ ലഹരിമരുന്ന് പിടികൂടി നശിപ്പിക്കുകയും ആയിരകണക്കിന് ആയുധങ്ങള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ നാവിക സേനയിലെ ഫസ്റ്റ് ക്ലാസ് ഗൈഡഡ് മിസൈല്‍ നാശിനിയായ യുഎസ്എസ് ലബൂണ്‍ (ഡിഡിജി 58) കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ മേഖലയില്‍ വിന്യസിക്കപ്പെട്ടത്. സംയുക്ത സമുദ്ര സേനക്കു കീഴിലെ മൂന്നു സമുദ്ര ദൗത്യ സംഘങ്ങളില്‍ ഒന്നാണ് സിടിഎഫ് 150. അറബിക്കടല്‍, ഒമാന്‍ ഉള്‍ക്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലായി 20 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് സിടിഎഫ് 150യുടെ പ്രവര്‍ത്തന പരിധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ