മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ ഈ വർഷത്തെ ഭരത് മുരളി നാടക പുരസ്കാരം എ.ശാന്തകുമാറിന്. മലയാള നാടക വേദിക്കു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി എന്നിവർ അറിയിച്ചു. അൻപതിനായിരം രൂപയും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാർഡ്.

1965 നവംബര്‍ 13 ന് കോഴിക്കോട് ജില്ലയില്‍ പരമ്പില്‍ ബസാറില്‍ ജനിച്ച ശാന്തകുമാർ കോഴിക്കോട് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും ബിരുദ പഠനത്തിന് ശേഷം നാടകരംഗത്തേക്കിറങ്ങി. കഴിഞ്ഞ 15 വര്‍ഷമായി അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നു. നാടകരചന, സംവിധാനം എന്നിവയാണ് പ്രധാന തട്ടകം. 1999 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ പെരുംകൊല്ലന്‍ എന്ന നാടകത്തിലൂടെ നാടക രംഗത്ത് സജീവമായി. ബാങ്ക്‌മെന്‍സ് ക്ലബ് സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ സുഖനിദ്രയിലേക്ക്, പതിമൂന്നാം വയസ്സ്, ന്റെ പുള്ളിപ്പയ്യ് കരയ്വാണ്, ദാഹം, കര്‍ക്കടകം, സ്വപ്‌നവേട്ട, ജയില്‍ ഡയറി തുടങ്ങി അറുപതിലേറെ നാടകങ്ങള്‍ രചിച്ചു.

ലൈംഗികത്തൊഴിലാളികള്‍ക്കു വേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച ഒറ്റ രാത്രിയുടെ കാമുകിമാര്‍, സ്വവര്‍ഗാനുരാഗികള്‍ക്കുവേണ്ടി രചിച്ച അവസാനചുംബനം എന്നീ നാടകങ്ങള്‍ എറെ ചര്‍ച്ച ചെയ്യപ്പെട്ടു. അരക്കു കീഴെ തളര്‍ന്ന, അജയന്‍ എന്ന നാടക നടനുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ച മരം പെയ്യുന്നു എന്ന നാടകവും കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരളാ സാഹിത്യ അക്കാദമി അവാർഡ് എന്നിവ ഒന്നിലേറെ തവണ നേടിയ ശാന്തകുമാറിനു ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. ചിരുത ചിലതൊക്കെ മറന്നുപോയി എന്ന നാടകത്തിന് തോപ്പില്‍ ഭാസി അവാര്‍ഡും ബാലന്‍ കെ.നായര്‍ അവാര്‍ഡും ലഭിച്ചു. നിലമ്പൂര്‍ ബാലന്‍ പുരസ്‌കാരം, കൈരളി ടി വി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സ്വപ്‌നവേട്ട എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും കാക്കക്കിനാവ് എന്ന നാടകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യന്‍ ലിറ്ററേച്ചറും പ്രസിദ്ധീകരിച്ചു. കര്‍ക്കടകം, കുരുടന്‍ പൂച്ച, ചിരുത ചിലതൊക്കെ മറന്നു പോയി, മരം പെയ്യുന്നുന്നു, കറുത്ത വിധവ, ഒരു ദേശം നുണപറയുന്നു എന്നപേരിൽ ഏകാങ്കങ്ങളുടെ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ച നാടകങ്ങളാണ്. ഭാര്യ: ഷൈനി. മകള്‍: നീലാഞ്ജന എന്നിവർ അടങ്ങുന്നതാണ് കുടുംബം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ