മനാമ: ബഹ്‌റൈനില്‍ പൊള്ളലേറ്റു മരിച്ച ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം മൂന്നു വര്‍ഷത്തിനു ശേഷം സംസ്‌കരിച്ചു. 2014 മേയിലാണു മുഹമ്മദ് മന്നാന്‍ (39) മരിച്ചത്. താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ ഗുരുതരമായി പരുക്കേറ്റായിരുന്നു മരണം. ആളെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനു തടസ്സമായി. ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള ശ്രമവും ഫലം കണ്ടില്ല. മരിച്ചയാളെ തിരിച്ചറിയാനുള്ള ഒരു രേഖയും ലഭ്യമാകാതിരുന്നതാണു പ്രയാസം സൃഷ്ടിച്ചത്. 34 മാസം മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു.

കൂടെ താമസിച്ചവരില്‍ നിന്നാണു പേരുവിവരം ലഭിച്ചതെങ്കിലും ഇയാളുടെ ഒരു രേഖയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു ബംഗ്ലാദേശ് എംബസി ലേബര്‍ കോണ്‍സല്‍ ഷെയ്ഖ് തഹീബുല്‍ ഇസ്‌ലാം പറഞ്ഞു. തീപിടത്തത്തെക്കുറിച്ച് അന്വേഷണം നടന്നെങ്കിലും മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
സുധീര്‍ഘമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചാണ് മൂന്നു വര്‍ഷത്തിനു ശേഷം മൃതദേഹം മറവുചെയ്യാന്‍ തീരുമാനിച്ചത്. മരിച്ചയാള്‍ സൗദി അറേബ്യയില്‍ നിന്നു നിയമ വിരുദ്ധമായാണു ബഹ്‌റൈനില്‍ എത്തിയതെന്നാണു കരുതുന്നത്. ഇയാള്‍ക്ക് ഗാലാലിയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ 97 ശതമാനം പൊള്ളലേറ്റിരുന്നു.

ഇയാള്‍ സൗദിയില്‍ നിന്നു വന്നു എന്നല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നായിരുന്നു കൂടെ താമസിച്ചവർ അറിയിച്ചിരുന്നത്. വ്യാജ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ സൗദിയില്‍ നിന്നു ബഹ്‌റൈനില്‍ എത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ