റിയാദ്: റമസാൻ മാസത്തിലെ പ്രധാന പുണ്യ കർമ്മങ്ങളിലൊന്നാണ് ദാന, ധർമ്മം വർധിപ്പിക്കൽ. ഈ വിശ്വാസം ചൂഷണം ചെയ്യാൻ റമസാനിൽ യാചകരുടെ സംഘം തന്നെ ഇറങ്ങുന്നുണ്ട്. റമസാൻ മാസം എത്തിയാൽ രാജ്യത്തിന്റെ പല പ്രവിശ്യകളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് യാചകരുടെ ഒഴുക്കാണ്. സൗദി അറേബ്യയിൽ ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പ്രത്യേക സ്‌കോഡ് തന്നെ നിലവിലുണ്ട്.

റമസാൻ തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും 255 പേരെയാണ് റിയാദ് പൊലീസ് അറസ്റ്റ് ചെയ്തത്. 56 പുരുഷന്മാർ, 124 സ്ത്രീകൾ, 75 കുട്ടികൾ ഇങ്ങനെയാണ് കഴിഞ്ഞ നാലു ദിവസമായി അറസ്റ്റിലായവരുടെ കണക്ക്. പിടിയിലായ സ്വദേശികളെ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയത്തിനും വിദേശികളെ ഭിക്ഷാടന വിരുദ്ധ കമ്മിറ്റിക്കും കൈമാറിയിട്ടുണ്ട്. രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന ഇത്തരം പ്രവർത്തികളോട് സഹതപിക്കരുതെന്ന് അധികൃതർ അറിയിച്ചു.

യാചകർ പെരുകിയതിനാൽ ഇത്തരക്കാരെ ശ്രദ്ധയിൽ പെട്ടാൽ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തണമെന്നും റിയാദ് പൊലീസ് വക്താവ് ജനങ്ങളോട് ആഹ്വാനം ചെയ്തു. പള്ളികൾ, ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ജനവാസ കേന്ദ്രങ്ങൾ, ട്രാഫിക് സിഗ്‌നലുകൾ എന്നിവിടങ്ങളിലാണ് സംഘം പ്രധാനമായും ദിക്ഷാടനം നടത്തുന്നത്. ഇവിടങ്ങളിലെല്ലാം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

വാർത്ത: നൗഫൽ പാലക്കാടൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ