റിയാദ്: സൗദി അറേബ്യയിൽ ബെഡ് സ്പേസിന് അംഗീകാരം. ബാച്ചിലർ ഫ്ലാറ്റിൽ ഒന്നിൽ കൂടുതൽ ആളുകൾ താമസിക്കുന്നതിന് നിയമപരമായി അംഗീകാരമില്ലായിരുന്നു. എന്നാൽ താമസ രേഖ പുതുക്കാൻ വാടക കരാർ വേണമെന്ന നിയമം വരുന്നതോടെ പാർപ്പിട മന്ത്രാലയം സഹ മുറിയന്മാർക്ക് രേഖാമൂലം അംഗീകാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഒരു ഫ്ലാറ്റ് ഒരാളുടെ പേരിൽ കരാറെഴുതി പിന്നീട് പലർക്കും ബെഡ് സ്പേസ് നൽകുകയാണ് പതിവ്.
ഒരാളുടെ പേരിൽ കരാർ എഴുതി പലയാളുകളും താമസിക്കുന്നത് കരാർ ഉടമക്കും മറ്റ് കൂടെ പാർക്കുന്നവർക്കും വലിയ പൊല്ലാപ്പുകൾ ഉണ്ടാക്കിയിരുന്നു. ബെഡ് സ്പേസ് നൽകുമ്പോൾ വരുന്നയാൾ ഏത് തരക്കാരനാണെന്ന് ആർക്കും അറിയില്ല. പൊലീസ് അന്വേഷിക്കുന്ന ക്രിമിനലുകൾ, അനധികൃത കച്ചവടക്കാർ, മയക്ക് മരുന്ന് വിൽപനക്കാർ തുടങ്ങി പലരും സഹ മുറിയന്മാരായി റൂമിലുണ്ടാകും. ഇവരെ തേടി പൊലീസ് എത്തുമ്പോഴാണ് പലരും ചതി മനസ്സിലാക്കുക.
സ്വാഭാവികമായും കൂടെ താമസിക്കുന്ന മുഴുവനാളുകളെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കും. പിന്നീട് നടപടി ക്രമങ്ങൾ പൂർത്തിയാകാതെ യാത്ര പോലും സാധ്യമാകില്ല. നിരവധി പേരാണ് ഇങ്ങനെ ചതിയിൽ കുടുങ്ങിയിട്ടുള്ളത്. ആത്മഹത്യ ഉൾപ്പടെ ഏതെങ്കിലും രീതിയിൽ ദുർമരണങ്ങൾ സംഭവിച്ചാലും ചോദ്യം ചെയ്യുന്നതിനായി പൊലീസ് കരാർ ഉടമ ഉൾപ്പടെയുള്ളവരെ വിളിപ്പിക്കും.
നിയമം ലംഘിച്ചാണ് താമസമെന്ന് മനസ്സിലായാൽ അതൊരു വലിയ നിയമ പ്രശ്നമാണ്. ഏതെങ്കിലും രീതിയിൽ കെട്ടിടത്തിലുണ്ടാകുന്ന നഷ്‌ടങ്ങൾക് കെട്ടിടയുടമ സമീപിക്കുന്നതും കരാർ ഉടമയെ മാത്രം. പുതിയ നിയമം ഇതിനെല്ലാം പരിഹാരമാണ്. കരാറിൽ താമസിക്കുന്ന ആളുകളുടെ പേരും വിവരവും ഐഡി നമ്പറും https://ejar.sa/ നെറ്റ്‌വർക്കിൽ റജിസ്റ്റർ ചെയ്യാം. അത് വഴി എല്ലാവർക്കും തുല്യ ഉത്തരവാദിത്തമാണ് ഉണ്ടാകുക. അതേസമയം നിലവിൽ കപ്പാസിറ്റി മുകളിൽ ആളുകളെ താമസിപ്പിച്ചു ലാഭമുണ്ടാക്കുന്ന കരാർ ഉടമകൾക്ക് ഈ നിയമം തിരിച്ചടിയുമാണ്.
വാർത്ത: നൗഫൽ പാലക്കാടൻ