മനാമ: രാജ്യത്തെ പൗരന്‍മാര്‍ക്കു ഗുണകരമാവും വിധം അടിസ്ഥാന സൗകര്യ വികസനത്തിനുളള പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ നിര്‍ദ്ദേശം നല്‍കി. മനാമയില്‍ നിന്ന് ഇസാ ടൗണിലേക്കുള്ള ഗതാഗതം സുഗമമാക്കുന്ന തരത്തില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ നിന്നു ഷെയ്ഖ് ഇസാ ബിന്‍ സല്‍മാന്‍ ഹൈവേയിലേക്കുള്ള പാലത്തിന്റെ നിര്‍മാണം തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി ഉത്തരവു നല്‍കി.

മനാമയില്‍ നിന്നു ജനാബിയ, ബുദയ്യമറ്റു നഗര, ഗ്രാമ പ്രദേശങ്ങളിലേക്ക് ഗതാഗതം സുഗമമാക്കുന്നതിനുള്ള ജസ്ര പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു തുടക്കം കുറിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. മുഹറഖില്‍ പകര്‍ച്ച വ്യാധികളുടെ ചികില്‍സക്കായി ദീര്‍ഘകാല ചികില്‍സാ കേന്ദ്രത്തിന്റെ നിര്‍മാണ നടപടികള്‍ സ്വീകരിക്കാനും നേരത്തെ തീപിടിത്തത്തിനിരയായ മുഹറഖ് ഓള്‍ഡ് സൂഖ് പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടു നവീകരിക്കുന്ന പദ്ധതി വേഗത്തിലാക്കാനും പ്രധാനമന്ത്രി പ്രത്യേക നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ഗുദൈബിയ പാലസ്സില്‍ പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് നഗരാസൂത്രണ വകുപ്പു മന്ത്രി ഇസ്സാം ബിന്‍ അബ്ദുല്ല ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണു പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. രാജ്യത്ത് നിരവധി റോഡുകളുടേയും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടേയും പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. വികസനത്തിനായുള്ള സൗദി ഫണ്ട് ഉപയോഗിച്ചു നിര്‍വഹിക്കുന്ന വിവിധ പ്രവൃത്തികള്‍ 2018 മാര്‍ച്ചോടെ ആരംഭിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ