മനാമ: ഭീകര പ്രവര്‍ത്തനത്തെ നേരിടുന്നതിനു നാലു രാഷ്ട്ര വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം നടത്തിയ ആഹ്വാനത്തെ ബഹ്‌റൈന്‍ മന്ത്രിസഭാ യോഗം സ്വാഗതം ചെയ്തു. ഭീകരവാദത്തെയും തീവ്രവാദത്തെയും നേരിടുന്നതിനു മുന്നോട്ടു വച്ച 13 നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ഖത്തര്‍ തയാറാവണമെന്നും മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പു വരുത്തുന്ന കാര്യത്തില്‍ ഖത്തറുമായുള്ള ആശയ വിനിമയത്തിനു സന്നദ്ധമാണെന്നുമുള്ള ഖയ്‌റോ സമ്മേളനത്തിന്റെ തീരുമാനം ഊന്നിപ്പറഞ്ഞയോഗം സുപ്രധാനമാണെന്നു യോഗം വിലയിരുത്തി. ഗുദൈബിയ പാലസ്സില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അധ്യക്ഷത വഹിച്ചു. കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും സംബന്ധിച്ചു.

അല്‍ അഖ്‌സ പള്ളിയിലെ ഇസ്രായേലി അധിനിവേശം ചെറുക്കുന്നതില്‍ സൗദി രാജാവ് അബ്ദുല്‍ അസിസ് അല്‍ സൗദ് നിര്‍വഹിച്ച മുഖ്യ പങ്കിനെ യോഗം അഭിനന്ദിച്ചു. ആഗോള മുസ്‌ലിംകളുടെ അന്തസ്സും ആരാധാനാലയങ്ങളും പവിത്രതയും സംരക്ഷിക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിക്കാനുള്ള സൗദിയുടെ സന്നദ്ധതയാണ് ഈ തിരുമാനത്തിലൂടെ പ്രകടമാവുന്നതെന്നു യോഗം വിലയിരുത്തി. മുസ്‌ലിം സമൂഹത്തെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ മക്കയിലെ വിശുദ്ധ ഗേഹത്തിനു നേരെ ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിക്കാനുള്ള ഹൂദി ഭീകരരുടെ ശ്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. ഹജ് സീസണില്‍ നടന്ന ഇത്തരം നീക്കങ്ങളെ ഫലപ്രദമായി തകര്‍ക്കാന്‍ കഴിഞ്ഞ സൗദിയുടെ നീക്കത്തെ യോഗം പ്രകീര്‍ത്തിച്ചു.

ഗ്രാമീണ ജനതയുടെ വികസന ആവശ്യങ്ങള്‍ നേരിട്ടറിയുന്നതിനു മന്ത്രിമാര്‍ നടത്തിയ ഫീല്‍ഡ് വിസിറ്റുകള്‍ യോഗം വിലയിരുത്തി. 14 സര്‍ക്കാര്‍ സേവനങ്ങള്‍ ഫല പ്രദമാക്കുന്നതിനുള്ള ഗവണ്‍മെന്റ് സര്‍വീസ് ഡവലപ്‌മെന്റ് പ്രോഗ്രാമിനെ യോഗം പ്രശംസിച്ചു. ജനങ്ങളുടേയും താമസക്കാരുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സുഗമമാക്കുന്നതിനു സ്വീകരിച്ച പദ്ധതികളെക്കുറിച്ച് കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. രാജ്യത്ത് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്ട് ടാക്‌സി സംവിധാനത്തിന് അനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രി സമര്‍പ്പിച്ച കരട് ഉത്തരവ് നിയമ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി പരിശോധിച്ചു തയാറാക്കിയ മെമ്മോറാണ്ടം യോഗത്തില്‍ സമര്‍പ്പിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ