മനാമ: ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ബഹ്‌റൈന്‍ ഐഡി കാര്‍ഡ് നല്‍കും. തൊട്ടുമുന്‍പത്തെ വര്‍ഷം ബഹ്‌റൈനില്‍ എത്തി ആറു മാസത്തിലേറെ താമസിച്ചവരും സാധുവായ, ഔദ്യോഗികമായി അംഗീകരിച്ച മേല്‍വിലാസം ഉള്ളവരുമായ ജിസിസി താമസക്കാര്‍ക്കും നിക്ഷേപകര്‍ക്കുമാണ് ഐഡി കാര്‍ഡ് അനുവദിക്കുകയെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ ഗവണ്‍മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് മുഹമ്മദ് അല്‍ ഖായ്ദ് അറിയിച്ചു.

ജിസിസിയില്‍ നിന്നുള്ള താമസക്കാര്‍ക്കും നിക്ഷേപകര്‍ക്കും വിവിധ സേവന മേഖലകളില്‍ തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നതിനു കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. അയല്‍ രാജ്യങ്ങളുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കാനും കൂടുതല്‍ ജിസിസി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഇതുവഴി സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കാനുള്ള കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി.

സിപിആര്‍ ആണ് ബഹ്‌റൈന്‍ ഐഡി എന്നറിയപ്പെടുന്നത്. ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, സൗദി, യുഎഇ, ഒമാന്‍ എന്നിവയാണ് ജിസിസി രാജ്യങ്ങള്‍. 1981ലാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജിസിസി) സ്ഥാപിതമായത്. നിലവില്‍ ജിസിസി പൗരന്‍മാര്‍ക്ക് ബഹ്‌റൈനില്‍ പ്രവേശിക്കാന്‍ പാസ്‌പോര്‍ട്ടിനു പകരം അവരുടെ രാജ്യത്തുനിന്നുള്ള ഐഡി മാത്രം മതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ