Latest News

ബഹ്‌റൈനില്‍ വേഗപരിധി 20 ശതമാനത്തില്‍ കൂടിയാല്‍ പിഴ

2014ലെ 23-ാമത് ഗതാഗത നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുന്നതാണ് ഈ നിര്‍ദേശം

bahrain, road, traffic

മനാമ: ബഹ്‌റൈനില്‍ വാഹനങ്ങളുടെ വേഗ പരിധി അനുവദനീയമായതിന്റെ 20 ശതമാനം മറികടക്കുന്നവര്‍ക്കു മാത്രം പിഴ ചുമത്തണമെന്ന് ശൂറാ കൗണ്‍സിലില്‍ നിര്‍ദേശം. ഖമീസ് അല്‍ റുമൈഹി, ജമീല സല്‍മാന്‍, ഖാലിദ് അല്‍ മസ്‌കതി, അഹ്മദ് ബഹ്‌സാദ്, ഹാല റംസി എന്നിവരാണ് നിര്‍ദേശം സമര്‍പ്പിച്ചത്. 2014ലെ 23-ാമത് ഗതാഗത നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തുന്നതാണ് ഈ നിര്‍ദേശം. കൗണ്‍സിലിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി മുമ്പാകെ ഇത് പഠനത്തിനും പുനഃപരിശോധനക്കുമായി നല്‍കി. അനുവദിച്ച വേഗത്തിന്റെ 10ശതമാനത്തിലധികം വേഗത്തില്‍ പോകുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വിഭാഗം ജനറല്‍ ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു.

പണി പൂര്‍ത്തിയായ ആറ് സ്‌കൂളുകള്‍ ഉദ്ഘാടനത്തിന്
മനാമ: ബഹ്‌റൈനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ പണി പൂര്‍ത്തിയായ ആറ് സ്‌കൂളുകള്‍ ഉദ്ഘാടനത്തിന് സജ്ജമായി. മുഹറഖ്, ദക്ഷിണ, സതേണ്‍ ഗവര്‍ണറേറ്റുകളില്‍ രണ്ട് വീതം സ്‌കൂളുകളാണ് പണി പൂര്‍ത്തീകരിച്ചത്. വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വും പുരോഗതിയും സാധ്യമാക്കുന്നതിന് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി വ്യക്തമാക്കി.

ഹുനൈനിയ്യ ഗേള്‍സ് സെക്കന്ററി സ്‌കൂള്‍, ഈസ ടൗണ്‍ പ്രൈമറി ബോയ്‌സ് സ്‌കൂള്‍, ഹമദ് ടൗണ്‍ ഗേള്‍സ് പ്രൈമറി സ്‌കൂള്‍, മാലികിയ്യ ഗേള്‍സ് പ്രൈമറി സ്‌കൂള്‍, ബുസൈതീന്‍ പ്രൈമറി ഗേള്‍സ് സ്‌കൂള്‍, ബുസൈതീന്‍ പ്രൈമറി ബോയ്‌സ് സ്‌കൂള്‍ എന്നിവയാണ് പുതിയ സ്‌കൂളുകള്‍. വിവിധ സ്‌കൂളുകള്‍ മന്ത്രി സന്ദര്‍ശിക്കുകയും സംവിധാനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പണിതതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദവും വൈദ്യുത ഉപഭോഗം കുറക്കുന്നതുമായ രീതിയാണ് ഉപയോഗിച്ചത്. 2015-18 കാലയളവിലേക്കുള്ള സര്‍ക്കാര്‍ പ്രവര്‍ത്തന പദ്ധതിയില്‍ 10 പുതിയ സ്‌കൂളുകള്‍ നിര്‍മിക്കാനാണ് തീരുമാനിച്ചത്. ഓരോ സ്‌കൂളിലും 1000 മുതല്‍ 1600 വിദ്യാര്‍ഥികള്‍ക്ക് വരെ പഠിക്കാന്‍ സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ നമ്പര്‍ പ്ലേറ്റുകളുടെ ലേലത്തിനൊരുങ്ങി ബഹ്‌റൈന്‍
മനാമ: ബഹ്‌റൈനില്‍ ആദ്യമായി സ്വകാര്യ വാഹന നന്പര്‍ പ്ലേറ്റുകള്‍ക്കായി ലേലം നടത്താന്‍ അധികൃതര്‍ ഒരുങ്ങുന്നു. പ്രാരംഭത്തില്‍ ലേലത്തില്‍നിന്നുള്ള വരുമാനം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ധനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള സര്‍ക്കാര്‍ കമ്പനി ആയിരിക്കും. നമ്പര്‍ ലേലത്തില്‍ അവകാശമാക്കുന്ന വ്യക്തിക്ക് ഗതാഗത വകുപ്പ് ഉടമസ്ഥതാവകാശം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഇതോടെ സാധാരണക്കാര്‍ക്ക് ലളിതമായ മാര്‍ഗത്തിലൂടെ സ്വകാര്യ വാഹന നമ്പര്‍ പ്ലേറ്റുകള്‍ സ്വന്തമാക്കാനാകുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഷെയ്ഖ് നാസര്‍ ബിന്‍ അബ്ദുല്‍ അല്‍ ഖലീഫ പറഞ്ഞു. ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

Web Title: Bahrain vehicles speed after 20 will get fine

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com