മനാമ: ട്രാഫിക് ജംങ്ഷനുകളിലെ മഞ്ഞ ബോക്‌സ് (യെല്ലോ ബോക്‌സ്) നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മെയ് ഒന്നു മുതല്‍ 20 ദിനാര്‍ പിഴ ചുമത്തും. ജംങ്ഷനുകളിലെ യെല്ലോ ബോക്‌സുകളിലേക്ക് വണ്ടി കയറ്റി നിര്‍ത്തുന്നതുണ്ടാക്കുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട് കാമറകള്‍ ഉപയോഗപ്പെടുത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു.

സിഗ്‌നലുകള്‍ ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നവര്‍ക്കാണ് പിഴ ചുമത്തുക. ഇത് പുതിയ നിയമമല്ലെങ്കിലും മേയ് ഒന്നുമുതല്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം. രാജ്യത്തുടനീളമുള്ള ജംങ്ഷനുകളില്‍ 30ലധികം യെല്ലോ ബോക്‌സുകളാണുള്ളത്. ഇവിടുത്തെ ഗതാഗതക്കുരുക്ക് കുറക്കാനും അപകടം ഒഴിവാക്കാനുമാണ് യെല്ലോ ബോക്‌സ് വരക്കുന്നത്. ഗതാഗത നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയ ശേഷം ബഹ്‌റൈനിലെ റോഡപകട നിരക്കില്‍ വന്‍ കുറവാണുണ്ടായത്. 2015ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 2016ല്‍ റോഡപകട നിരക്കില്‍ 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. 2015ല്‍ റോഡപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 76 ആണെങ്കില്‍ 2016ല്‍ ഇത് 47 ആയി മാറി.

ബഹ്‌റൈനിലെ റോഡുകളില്‍ അനുവദിച്ച വേഗപരിധിയേക്കാള്‍ 10 ശതമാനം അധികം വേഗത്തില്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കു മാത്രമേ പിഴ ചുമത്തുകയുള്ളൂവെന്ന് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വേഗ പരിധിയും പിഴയും സംബന്ധിച്ചു സോഷ്യല്‍ മീഡിയയില്‍ അടക്കം ആശങ്കയുളാവാക്കുന്ന പ്രചാരണങ്ങളാണ് നടക്കുന്നത്. പല റോഡുകളിലും വേഗ പരിധി പൊടുന്നനെ കുറച്ചതു കാരണം ഡ്രൈവര്‍മാര്‍ കൂടുതല്‍ പിഴ അടക്കേണ്ടിവരുന്നുവെന്നായിരുന്നു ആക്ഷേപം. ഇതേതുടര്‍ന്നാണ് പിഴ സംവിധാനത്തില്‍ ഭേദഗതി വരുത്തിയ കാര്യം അധികൃതര്‍ ഔദ്യോഗികമായി വിശദീകരിച്ചത്.

എല്ലാ റോഡുകളിലും ജംങ്ഷനുകളിലും ഉയര്‍ന്ന വേഗപരിധിയിലും 10 ശതമാനം കൂടിയാലേ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കൂവെന്ന് ഈ മാസാദ്യം ട്രാഫിക് വിഭാഗം അറിയിച്ചു. 80 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 88 കിലോമീറ്ററിന് മുകളിലും 100 കിലോമീറ്റര്‍ വേഗപരിധിയുള്ള റോഡില്‍ 110 കിലോമീറ്ററിന് മുകളിലും വേഗത്തില്‍ സഞ്ചരിച്ചാല്‍ മാത്രമേ പിഴ ഈടാക്കൂവെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.

പുതിയ ഭേദഗതികള്‍ക്കനുസരിച്ചായിരിക്കും നിരീക്ഷണ ക്യാമറകളും പ്രവര്‍ത്തിക്കുക. ക്യാമറകള്‍ ഗ്രീന്‍ സിഗ്‌നല്‍ വേളയിലും അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ ചിത്രങ്ങളെടുക്കും. സിഗ്‌നലുകളില്‍ അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ ക്യാമറകള്‍ സ്ഥാപിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ