മനാമ: നിര്‍ത്തിയിട്ട ട്രക്കിന്റെ പിന്നില്‍ പിക്കപ്പ് വാനിടിച്ച് മലയാളി മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. ബഹ്‌റൈനില്‍ പ്ലഫിക്‌സ് കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ആലപ്പുഴ മാവേലിക്കര ചെട്ടിക്കുളങ്ങര തെക്കേവീട്ടില്‍ കിഴക്കേതില്‍ മധു രാഘവന്‍ (48) ആണ് മരിച്ചത്. ഇതേ കമ്പനിയിലെ ജീവനക്കാരനായ ഡ്രൈവര്‍ കൊല്ലം കടയ്ക്കല്‍ സുനില്‍ നടരാജന്‍, പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ഗിരീഷ് എന്നിവരെ പരുക്കുകളോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മിനാ സല്‍മാനും ഹിദ്ദ് പാലത്തിനും ഇടയില്‍ ഇന്നലെ വൈകിട്ടാണ് അപകടം. എന്‍ജിന്‍ ഓഫായതിനെ തുടര്‍ന്നു റോഡിന്റെ അരികിലെ മഞ്ഞവരക്കുളളില്‍ നിര്‍ത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. നടുവില്‍ നിന്നു വലത്തോട്ട് മറ്റൊരു വാഹനം ട്രാക്ക് മാറി വന്നതിനെ തുടര്‍ന്ന് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട പിക്കപ്പ് ട്രക്കിലിടിക്കുകയായിരുന്നുവെന്നാണു ഡ്രൈവര്‍ പറയുന്നത്. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പിന്റെ വലതു ഭാഗം പുര്‍ണമായി തകരുകയും തലകീഴായി മറിയുകയും ചെയ്തു.

ബഹ്‌റൈനില്‍ മൂന്നു വര്‍ഷമായി ജോലി ചെയ്യുന്ന മധു നാല് മാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. യുഎഇ, മസ്‌കറ്റ് എന്നിവിടങ്ങളിലും ഇതേ കമ്പനിക്കായി ജോലി ചെയ്തിരുന്ന മധു 14 വര്‍ഷമായി ഗള്‍ഫിലെത്തിയിട്ട്. ഭാര്യ സരോജിനി. രണ്ടു മക്കളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ