മനാമ: രാജ്യത്തു ജൂലൈ ഒന്നുമുതല്‍ ആരംഭിച്ച മധ്യാഹ്ന തൊഴില്‍ നിരോധനം ലംഘിച്ച 15 കമ്പനികള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

നിരോധനം നടപ്പില്‍ വന്ന ആദ്യ ആഴ്ചയിലാണ് ഈ ലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം തൊഴില്‍ കാര്യ അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസ്സരി അറിയിച്ചു.

ഉച്ചക്കു 12 മുതല്‍ 4 വരെ തുറസ്സായ സ്ഥലങ്ങളിലെ ജോലി വിലക്കുന്നതാണു നിയമം. ജൂലായ്, ഓഗസ്ത് മാസങ്ങളിലാണ് ഈ നിരോധനം.

അന്തരീക്ഷ ഉഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസിനു മേല്‍ ഉയരുന്ന ഈ മാസങ്ങളില്‍ തൊഴിലാളികള്‍ക്കു സൂര്യാഘാതമോ അമിതമായ ചൂടുമൂലമുള്ള ഇതര രോഗങ്ങളോ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് 2007 മുതല്‍ രാജ്യത്ത് മധ്യാഹ്ന തൊഴില്‍ നിരോധന നിയമം നടപ്പാക്കി വരുന്നത്. ഈ മാസങ്ങളില്‍ സാധാരണ നിലയില്‍ രാജ്യത്തെ അന്തരീക്ഷോഷ്മാവ് 46 ഡിഗ്രിക്കു മുകളില്‍ ഉയരാറാണു പതിവ്.

നിയമം ലംഘിക്കുന്ന തൊഴില്‍ ഉടമകള്‍ക്കു തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. 500 മുതല്‍ 1000 ദിനാര്‍ വരെ പിഴയും മൂന്നു മാസം വരെ തടവും വ്യവസ്ഥ ചെയ്യുന്നതാണു നിയമം.
നിരോധനം നിലവില്‍ വന്ന് ആദ്യത്തെ പത്തു ദിവസത്തിനുള്ളില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ചു തൊഴിലില്‍ ഏര്‍പ്പെട്ട 33 തൊഴിലാളികളെ കണ്ടെത്തിയെന്നു അല്‍ ദോസ്സരി പറഞ്ഞു. ലായിരുന്നു ഇത്രയും പേരെ കണ്ടെത്തിയത്.

സ്ഥാപനങ്ങള്‍ നിയമം നടപ്പാക്കാന്‍ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. ചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കു സംരക്ഷണം നല്‍കുന്നതിനുള്ള ഉപകരണങ്ങളും ആവശ്യത്തിനു കുടിവെള്ളവും സജ്ജീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ