മനാമ: ബഹ്‌റൈനില്‍ പഴയ കെട്ടിടങ്ങള്‍ നിയമ വിരുദ്ധ ലേബര്‍ ക്യാമ്പുകളായി ഉപയോഗിക്കുന്നതു കണ്ടെത്താന്‍ നടപടി വരുന്നു. മനാമയിലും മുഹറഖിലും അടുത്ത ആഴ്ചമുതല്‍ ഇത്തരം കേന്ദ്രങ്ങളില്‍ സംയുക്ത പരിശോധനകള്‍ നടക്കും.
ക്യാപ്പിറ്റല്‍ ട്രസ്റ്റി ബോര്‍ഡും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലുമാണു പരിശോധനകള്‍ക്കു നേതൃത്വം കൊടുക്കുന്നത്. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും സഹകരണത്തോടെയാണ് പരിശോധനകള്‍ നടത്തുക. പ്രവാസി തൊഴിലാളികളുടെ ജീവിത നിലവാരം വിലയിരുത്തുന്നതിനുള്ള പരിശോധനയായിരിക്കും ഇത്.
ലേബര്‍ ക്യാമ്പുകളുടെ ശേഷി, വൃത്തിയുടെ അവസ്ഥ, തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷാ സൗകര്യങ്ങള്‍ എന്നിവ പരിശോധനയുടെ ഭാഗമായി വിലയിരുത്തും.
രാജ്യത്ത് തൊഴിലാളികളുടെ താമസ സ്ഥലമായി റജിസ്റ്റര്‍ ചെയ്തു ലൈസന്‍സ് നേടിയ 3000 കെട്ടിടങ്ങളുണ്ടെന്നും ഇവിടങ്ങളിലായി 1,50,000 തൊഴിലാളികള്‍ പാര്‍ക്കുന്നുണ്ടെന്നുമാണ് കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കെന്ന് അധികൃതര്‍ പറഞ്ഞു. നിയമ വിരുദ്ധമായി കെട്ടിടങ്ങള്‍ ലേബര്‍ ക്യാമ്പുകളാക്കി മാറ്റി തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ ഈ കണക്കില്‍ വരുന്നില്ല.
തൊഴിലാളികളും മനുഷ്യരാണ്. അവര്‍ സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ചാണു തൊഴില്‍ ചെയ്യാന്‍ ഇവിടെ എത്തിയിരിക്കുന്നതെന്ന പരിഗണന ആവശ്യമാണെന്നു മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ പറഞ്ഞു.
80 പേര്‍ക്കു താമസിക്കാവുന്ന സ്ഥലത്ത് 200 പേരോളം തിങ്ങി ഞെരുങ്ങി താമസിക്കുന്നു. തൊഴിലാളികള്‍ പുഴുക്കളല്ലെന്ന കാര്യം മനസ്സിലാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെട്ടിടങ്ങള്‍ ലേബര്‍ ക്യാമ്പുകളായി ഉപയോഗിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളുണ്ട്. കെട്ടിട ഉടമയും തൊഴിലുടമയും തമ്മില്‍ ഉണ്ടാക്കുന്ന കരാര്‍ മുനിസിപ്പല്‍ വ്യവസ്ഥകള്‍ക്കു വിധേയമായിരിക്കണം. എന്നാല്‍ ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ തൊഴിലുടമകള്‍ പലരും തയ്യാറാവുന്നില്ല. കെട്ടിടത്തിന്റെ ശേഷിയുടെ പലമടങ്ങ് അധികം തൊഴിലാളികളെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് ഈ വ്യവസ്ഥകള്‍ പാലിക്കാതിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഓരോ മുറിക്കും എയര്‍ കണ്ടീഷണറുകള്‍ പോലും പല താമസ സ്ഥലത്തും ഇല്ല. പരിശോധനാ സംഘത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരായ നിയമ നടപടികള്‍ക്കായി ജുഡീഷ്യല്‍ അധികൃതര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ആള്‍ക്കാരെ ശിക്ഷാ നടപടികള്‍ക്കു വിധേയമാക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും തൊഴിലാളികള്‍ക്ക് ആരോഗ്യകരവും വൃത്തിയുള്ളതുമായ ജീവിത സാഹചര്യം ഒരുക്കുക എന്നതിനാണു മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. പഴകിയ കെട്ടിടങ്ങളോടു ചേര്‍ന്നു പ്രത്യേക നിര്‍മിതികള്‍ ഉണ്ടാക്കിയാണു പലേടത്തും തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ വൈദ്യുതീകരണവും പാചക വാതക ഉപയോഗവും അത്യന്തം അപകടകരമായ അവസ്ഥയിലാണുള്ളത്.
ആഗസ്റ്റ് 11 നു മനാമയില്‍ ഒരു ലേബര്‍ ക്യമ്പില്‍ തീപ്പിടിത്തമുണ്ടായപ്പോള്‍ 200 ഓളം തൊഴിലാളികളാണു ഭവന രഹിതരായത്. ഷോര്‍ട്ട് സര്‍ക്യൂട്ടായിരുന്നു ഇവിടെ തീപ്പിടിത്തത്തിനു കാരണമായത്. ഈ വര്‍ഷം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തം ഇത് ഏഴാമത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിനു തൊഴിലാളികളാണ് ഇങ്ങനെ അനധികൃത ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തെമ്പാടും ഇത്തരത്തിലുള്ള അനധികൃത ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികളുടെ അവസ്ഥകള്‍ പരിശോധിക്കണമെന്നു ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കു കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന് ഒരുങ്ങുന്നു
ടിക്കറ്റ് ലോഞ്ച് ശനിയാഴ്ച വൈകുന്നേരം ആറയ്ക്ക്
മനാമ: ഇന്ത്യൻ സ്‌കൂൾ ബഹറിനിൽ ഈ വർഷത്തെ മെഗാ ഫെയറിനും ഭക്ഷ്യമേളക്കുമുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഒക്ടോബർ 12 നും 13 നും ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ഗ്രൗണ്ടിലാണ് മെഗാ ഫെയർ നടക്കുക. ഇതിന്റെ മുന്നോടിയായി മെഗാ ഫെയർ -ഭക്ഷ്യ മേളയുടെ ടിക്കറ്റു പുറത്തിറക്കുന്ന ചടങ്ങു സപ്തംബർ 16 നു ശനിയാഴ്ച വൈകുന്നേരം 6.30 നു ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറോയത്തിൽ നടക്കും.
പ്രമുഖ ബോളിവുഡ് ഗായകനായ നകാഷ് അസീസും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് ഫെയറിന്റെ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. രണ്ടാം ദിനത്തിൽ തെന്നിന്ത്യൻ ഗായകരായ ശ്രീനിവാസും ജ്യോസ്‌നയും വിഷ്ണു രാജ്ഉം സംഗീത പരിപാടി അവതരിപ്പിക്കും. മെഗാഫെയറിലൂടെ സമാഹരിക്കുന്ന തുക നിർധന വിദ്യാർത്ഥികളുടെ ഫീസ് ഇളവിനും അധ്യാപകരുടെ ക്ഷേമത്തിനും അക്കാദമിക മികവിനിടയിലും സാമ്പത്തിക പരാധീനത നേരിടുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യ്ങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കുമെന്നു ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഫീസ് ഘടനയുള്ള സ്‌കൂളുകളിൽ ഒന്നാണ് ഇന്ത്യൻ സ്‌കൂൾ. വിദ്യാർത്ഥികളുടെ ഫീസ് ഇനത്തിലും കൂടാതെ ചാരിറ്റി സംഘടനകളിലൂടെയും വ്യക്തികളിലൂടെയും മറ്റും ലഭിക്കുന്ന തുകയിലൂടെയുമാണ് സ്‌കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നത്. കഴിഞ്ഞ വർഷത്തെ മെഗാ ഫെയറിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ഏകദേശം 800 ഓളം വിദ്യാർത്ഥികളുടെ ഫീസ് ഇളവ് നൽകാൻ സാധിച്ചിരുന്നുവെന്നും രണ്ടു ലക്ഷത്തോളം പേർ മേള സന്ദർശിച്ചിരുന്നുവെന്നും പ്രിൻസ് നടരാജൻ പറഞ്ഞു.
ഈ വർഷം മേളയിൽ കൂടുതൽ ജന പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുളള നടപടികൾ സ്വീകരിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. മേളയുടെ ഭാഗമായി ഒക്ടോബർ 13 നു നടക്കുന്ന റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനാർഹന് സയാനി മോട്ടോഴ്‌സ് നൽകുന്ന കാർ ലഭിക്കും . സ്‌കൂൾ ഫെയറിനുള്ള പ്രവേശന ടിക്കറ്റിനു രണ്ടു ദിനാറാണ് ഈടാക്കുന്നത്. മെഗാ ഫെയറിന്റെ നടത്തിപ്പിനായി മുഹമ്മദ് മാലിം ജനറൽ കൺവീനറായ വിപുലമായ കമ്മിറ്റി കഴിഞ്ഞ ദിവസം യോഗം ചേർന്ന് മേളയുടെ പുരോഗതി വിലയിരുത്തി. സ്‌കൂൾ കാർണിവലിൽ ഭാഗമായി വിവിധ ഫുഡ് സ്റ്റാളുകളും വ്യാവസായിക പ്രദർശനവും ഒരുക്കുമെന്നു ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു.