മനാമ: ബഹ്‌റൈനില്‍ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കണമെങ്കില്‍ വിരലടയാളവും രേഖപ്പെടുത്തണമെന്ന ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ)യുടെ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് സുരക്ഷ നല്‍കുമെന്ന് വിലയിരുത്തല്‍. പ്രവാസികളുടെ പാസ്‌പോര്‍ട്ടിന്റെയും സിപിആറിന്റെയും വ്യാജ കോപ്പികള്‍ ഉപയോഗിച്ച് ടെലികോം കമ്പനികളില്‍ നിന്നു വിലപിടിപ്പുള്ള ഫോണും കണക്ഷനും എടുത്തു തട്ടിപ്പു നടത്തിയ നിരവധി സംഭവങ്ങള്‍ ബഹ്‌റൈനില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പലരും നാട്ടിലേക്കു പോകാന്‍ എയര്‍ പോര്‍ട്ടില്‍ എത്തുമ്പോഴാണ് ടെലിഫോണ്‍ കമ്പനികള്‍ ട്രാവല്‍ ബാന്‍ (യാത്രാ വിലക്ക്) ഏര്‍പ്പെടുത്തിയതായി അറിയുന്നത്.

നഷ്ടപ്പെട്ടുപോയ പാസ്‌പോര്‍ട്ടോ സിപിആറോ ഉപയോഗിച്ച് വിലപിടിപ്പുള്ള ഫോണും കണക്ഷനും സ്വന്തമാക്കിയ തട്ടിപ്പുകാര്‍ അടവു മുടക്കുന്നതോടെയാണ് ഇത്തരം കേസുകളില്‍ യഥാര്‍ഥ പാസ്പാര്‍ട്ട്, സിപിആര്‍ ഉടമകള്‍ കുടുങ്ങിയത്. ഇത്തരത്തില്‍ വ്യാജമായി ഹാജരാക്കിയ പല രേഖകളും യഥാര്‍ഥ രേഖകളുടെ വ്യാജ പകര്‍പ്പുകളായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. ടെലികോം കമ്പനികളുടെ അഭിഭാഷകരുമായി ബന്ധപ്പെടുമ്പോഴാണ് പലരും വന്‍തുക ബാധ്യത തീര്‍ക്കാതെ ട്രാവല്‍ ബാന്‍ നീക്കാന്‍ കഴിയില്ലെന്ന വിവരം അറിഞ്ഞിരുന്നത്.

ഇതോടെ മലയാളി സമാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസ്സിയിലും ടെലികോം കമ്പനികളിലും നിരവധി പരാതികള്‍ സമര്‍പ്പിച്ചിരുന്നു. പാസ്പോര്‍ട്ട്, സിപിആര്‍ എന്നിവയുടെ കോപ്പിയോടൊപ്പം വിരലടയാളം കൂടി ശേഖരിച്ചാല്‍ മാത്രമേ വ്യാജരേഖ നല്‍കി കണക്ഷനും ഫോണും സ്വന്തമാക്കുന്നവരെ പിടികൂടാന്‍ കഴിയൂ എന്ന നിര്‍ദ്ദേശം ട്രാക്കു മുമ്പാകെയും സമര്‍പ്പിച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ കെടി സലീമിന്റെ നേതൃത്വത്തിലാണ് ഇത്തരത്തിലുള്ള നിരവധി കേസുകളില്‍ പരാതിയുമായി അധികൃതരെ സമീപിച്ചത്. ഇപ്പോള്‍ അധികൃതര്‍ കൊണ്ടു വന്ന നിയമം പ്രവാസികള്‍ തട്ടിപ്പിനിരയാകുന്ന അവസ്ഥക്കു വലിയൊരളവോളം പരിഹാരമാവുമെന്ന് സലീം പറയുന്നു.

പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് മതിയായ രേഖകള്‍ക്കു പുറമെ വിരലടയാളവും ശേഖരിക്കാനാണു ട്രാ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ ഗവണ്‍മെന്റ് അതോറിറ്റിയാണ് (ഐജിഎ) ഈ രേഖകള്‍ പരിശോധിക്കുക. ഒരു ഐഡി ഉപയോഗിച്ച് എടുക്കാവുന്ന കണക്ഷനുകളുടെ എണ്ണവും ട്രാ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ഐഡി ഉപയോഗിച്ച് 10 കണക്ഷനെ എടുക്കാന്‍ കഴിയൂ. ഉപഭോക്താക്കള്‍ വിവിധ തരത്തില്‍ വഞ്ചിക്കപ്പെടുന്നതിനെതിരെ 2016 മുതല്‍ ട്രാ ബോധ വല്‍ക്കരണ പരിപാടികള്‍ നടത്തുന്നുണ്ട്. ഇതു ശക്തമായി തുടരും

സമാജത്തില്‍ ‘കുഞ്ഞുണ്ണി കവിതാ സായാഹ്നം’
മനാമ: കുട്ടികളുടെ ഇഷ്ട കവിയായ കുഞ്ഞുണ്ണി മാഷിന്റെ കുഞ്ഞിക്കവിതകള്‍ ഉള്‍പ്പെടുത്തി ശനിയാഴ്ച രാത്രി എട്ടിന് സമാജത്തില്‍ ‘കുഞ്ഞുണ്ണി കവിതാ സായാഹ്നം’ ഒരുക്കുന്നു. സമാജം മലയാള പാഠശാലയുടെ ഭാഷാ സാഹിത്യ വേദിയായ ‘അക്ഷരമുറ്റ’മാണ് സംഘാടകര്‍. കുട്ടികള്‍ക്ക് വളരെ വേഗം പഠിക്കാന്‍ കഴിയുന്ന ലളിതവും ഹ്രസ്വവുമായ കവിതകള്‍ കുട്ടികളെ പഠിപ്പിച്ച് അരങ്ങില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുക എന്നതാണ് പരിപാടിയുടെ ഉദ്ദേശ്യം. മലയാള കവിതകളെ പറ്റിയും പ്രത്യേകിച്ച് കുഞ്ഞുണ്ണി കവിതകളെ കുട്ടികളെ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ചിക്കൂസ് ശിവനും, റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ് ഗീതാ ഉണ്ണികൃഷ്ണനും ക്ലാസ്സെടുക്കും. താല്‍പര്യമുള്ള കുട്ടികള്‍ക്ക് കുഞ്ഞുണ്ണിക്കവിതകള്‍ പരിചയപ്പെടുത്താനായി ഒരു പരിശീലനക്കളരി ഇന്ന് രാത്രി 8 മുതല്‍ 9.30 വരെ സമാജത്തില്‍ നടക്കും. പാഠശാല വിദ്യാര്‍ത്ഥികളല്ലാത്തവര്‍ക്കും പങ്കെടുക്കാം. അക്ഷരമുറ്റത്തിന്റെ കവിതാ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ 3604 5442 എന്ന വാട്‌സ് ആപ്പ് നമ്പരില്‍ പേര് നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു.
വിവരങ്ങള്‍ക്ക്: ബിജു.എം.സതീഷ്: 360 454442.

ഭീകര വിരുദ്ധ യുദ്ധം: ഇറാഖിനെ ബഹ്‌റൈന്‍ പ്രശംസിച്ചു
മനാമ: ഭീകരരില്‍ നിന്നു മൊസുള്‍ നഗരം മോചിപ്പിച്ചതില്‍ ഇറാഖിനെ ബഹ്‌റൈന്‍ വിദേശ കാര്യ മന്ത്രാലയം അഭിനന്ദിച്ചു. പ്രധാനമന്ത്രി ഡോ. ഹൈദര്‍ അബാദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും ഇറാഖി സേനക്കും ഇറാഖി ജനതയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിതെന്നു മന്ത്രാലയം പറഞ്ഞു. കലാപത്തിനും തീവ്രവാദത്തിനും എല്ലാ രൂപത്തിലുമുള്ള ഭീകര വാദത്തിനും ഭീകരവാദത്തിനുള്ള സാമ്പത്തിക പിന്തുണ നല്‍കുന്നവര്‍ക്കും എതിരെ ഇറാഖിന്റെ പക്ഷത്താണ് ബഹ്‌റൈന്‍ നിലയുറപ്പിക്കുന്നതെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സുരക്ഷയും സുസ്ഥിരതയും പരമാധികാരവും സ്വാതന്ത്ര്യവും ഐക്യവും കാത്തുസൂക്ഷിക്കാനുള്ള ഇറാഖിന്റെ പരിശ്രമങ്ങളെ മന്ത്രാലയം പ്രശംസിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ