/indian-express-malayalam/media/media_files/uploads/2017/04/thrissur.jpg)
മനാമ: തൃശൂർ പൂര ദിവസം ബഹ്‌റൈനില്‍ മിനി തൃശൂർ പൂരം ഒരുക്കുന്നു. തൃശൂർ നിവാസികളുടെ കൂട്ടായ്മയായ സംസ്‌കാര തൃശൂരാണ് പ്രവാസ ലോകത്ത് പൂരം കൊണ്ടാടുന്നത്. മെയ് അഞ്ചിന് വൈകീട്ട് നാലിന് ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് മിനി പൂരം അരങ്ങേറുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പൂരത്തിന്റെ എല്ലാ തനിമയും അതേപടി ലഭിക്കത്തക്ക വിധത്തിലായിരിക്കും പരിപാടി.
സംസ്‌കാര തൃശൂർ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് മിനി പൂരം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ബഹ്‌റൈനിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബങ്ങളെയും ഉള്‍പ്പെടുത്തും. അന്‍പതില്‍പരം മേളകലാകാരന്മാര്‍ ഒരുക്കുന്ന താളവിസ്മയവും പ്രതീകാത്മകമായി അണിനിരക്കുന്ന പത്ത് ആനകളും, കുട മാറ്റവും സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. പൂരങ്ങളോടനുബന്ധിച്ചു നടക്കുന്ന വാണിഭങ്ങളും ഉണ്ടാകും. ചെറുപൂരങ്ങളും കുടമാറ്റവും കൂടി ഉള്‍പ്പെടുത്തി പ്രവാസികള്‍ക്ക് പൂരാഘോഷത്തിന്റെ എല്ലാ സ്പന്ദനങ്ങളും എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.
സൂര്യ ഫെസ്റ്റിവല്‍ 28ന് സമാജത്തില്‍
മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ആഭിമുഖ്യത്തില്‍ സൂര്യാ ഇന്ത്യ ഫെസ്റ്റിവല്‍ ഈ മാസം 28ന് നടക്കും. രാത്രി 8 മുതല്‍ 10 വരെസമാജം ഡയമണ്ട് ജൂബിലി ഹോളിലാണ് പരിപാടിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള മൂന്നു നര്‍ത്തകികളുടെ പ്രകടനമാണ് ഇത്തവണ സൂര്യാ ഫെസ്റ്റിലിന്റെ പ്രത്യേകത. വാല്‍മീകി രാമായണത്തിലെയും മഹാഭാരതത്തിലെയും പ്രമുഖ കഥാപാത്രങ്ങളായ അഹല്യ, ശൂര്‍പ്പണക, ദ്രൗപദി തുടങ്ങിയ കഥാപാത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഭാരതനാട്യവുമായി യഥാക്രമം അരൂപാ ലഹിരി, ദക്ഷിണാ വൈദ്യനാഥന്‍, ഡോ ജാനകി രംഗരാജന്‍ തുടങ്ങിയവരാണ് വേദിയിലെത്തുക.
പരിപാടിയിലേയ്ക്കുള്ള പ്രവേശനം സൗജന്യം. വിവരങ്ങള്‍ക്ക് സമാജം ജനറല്‍ സെക്രട്ടറി എന്‍കെ വീരമണി (36421369), സൂര്യാ ചാപ്റ്റര്‍ ബഹ്‌റൈന്‍ കോര്‍ഡിനേറ്റര്‍ വര്‍ഗീസ് കാരയ്ക്കല്‍ (39617620) എന്നിവരെ ബന്ധപ്പെടണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.