മനാമ: ബഹ്‌റൈനില്‍ താമസ സ്ഥലത്തു പുകപടര്‍ന്ന് ഒരു ഇന്ത്യക്കാരനടക്കം മൂന്നു തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ബിനോദ് കുമാര്‍ പ്രസാദ് (35), ഹാജി മുഹമ്മദ് (28), താഹിര്‍ ഫാറൂഖ് (37) എന്നിവരാണ് മരിച്ച തൊഴിലാളികള്‍. ബിനോദ് കുമാര്‍ ആന്ധ്രാ സ്വദേശിയാണെന്നാണ് വിവരം. മറ്റൊരു ഇന്ത്യന്‍ തൊഴിലാളിയായ മന്ദു കുമാര്‍ (29) ഗുരുതരമായ പരിക്കുകളോടെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.

ജിദ്ഹാഫ്‌സില്‍ ചൊവ്വാഴ്ച രാവിലെയാണ് ദുരന്തം. ഒരു ഗോഡൗണിനോടു ചേര്‍ന്നുള്ള താമസസ്ഥലത്ത് ഉറങ്ങുകയായിരുന്നു ഇവര്‍. ജനറേറ്ററില്‍ നിന്നാണു പുക പടര്‍ന്നതെന്നു ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

അതേസമയം, തണുപ്പകറ്റാന്‍ മുറിയില്‍ ഇവര്‍ കരി ഉപയോഗിച്ച് തീയിടാറുണ്ടായിരുന്നെന്നും ഈ പുക ശ്വസിച്ചാണ് മരണമെന്നും റിപ്പോര്‍ട്ടുണ്ട്.

മരിച്ച രണ്ടുപേരില്‍ ഒരാള്‍ ബംഗ്ലാദേശ് സ്വദേശിയും മറ്റൊരാള്‍ പാക്കിസ്ഥാന്‍ സ്വദേശിയുമാണെന്നാണ് കരുതുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ