മനാമ: അഴിമതിക്കേസില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പത്തുവര്‍ഷം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം ബഹ്‌റെന്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍. ഇത് നിയമമായാല്‍ സര്‍ക്കാര്‍ വകുപ്പുകളിലേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടേയും ബോര്‍ഡ് മെംബര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതിന്റെ പരിധിയില്‍ വരും. ശിക്ഷാ നിയമത്തില്‍ ഇതു സംബന്ധിച്ചു ഭേദഗതികള്‍ കൊണ്ടു വരാനാണ് പദ്ധതി.

അവിഹിത സ്വത്തു സമ്പാദനം, ബ്ലാക്ക് മെയിലിങ്ങ്, കൈക്കൂലി സ്വീകരിക്കല്‍, പൊതു മേഖലാ സംവിധാനങ്ങളില്‍ സ്വജന പക്ഷപാതം എന്നീ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചു പാര്‍ലിമെന്റ് ചര്‍ച്ച ചെയ്തു. പൊതു ധനം സംരക്ഷിക്കുന്നതു സംബന്ധിച്ചു ആഭ്യന്തര മന്ത്രാലയത്തിന്റെയും ജസ്റ്റിസ്, ഇസ്‌ലാമിക കാര്യ എന്‍ഡോവ്‌മെന്റ്‌സ് മന്ത്രാലയത്തിന്റെയും പിന്തുണയോടെ പാര്‍ലിമെന്റിന്റെ വിദേശകാര്യ, പ്രതിരോധ ദേശീയ സുരക്ഷ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം അവതരിപ്പിച്ചത്.

ശുപാര്‍ശ പ്രകാരം പൊതുമേഖലയില്‍ ഇത്തരം കുറ്റകൃത്യം നടത്തുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലെങ്കില്‍ പോലും കനത്ത പിഴ ചുമത്തും. ഇത്തരം കേസുകള്‍ക്കു നിലവില്‍ മൂന്നുവര്‍ഷം തടവ് എന്നത് അഞ്ചു വര്‍ഷമായി ഉയര്‍ത്തും. കൈക്കൂലി വാങ്ങി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കിയെന്നു തെളിഞ്ഞാല്‍ പരമാവധി ശിക്ഷ പത്തു വര്‍ഷമായിരിക്കും. പൊതു ധനത്തിന്റെ അപഹരണം, ജനങ്ങളില്‍ നിന്നു നിയമ വിരുദ്ധ ഫീസ് ഈടാക്കല്‍ എന്നിവയ്ക്കും ഈ ശിക്ഷ ബാധകമായിരിക്കും.

സര്‍ക്കാര്‍ ധന വിനിയോഗത്തില്‍ അശ്രദ്ധ കാണിച്ചാല്‍ ചുരുങ്ങിയതു അഞ്ചുവര്‍ഷം തടവു ലഭിക്കും. സര്‍ക്കാര്‍ കരാറുകളില്‍ വീഴ്ച വരുത്തുന്ന സ്വകാര്യ കമ്പനി അധികൃതര്‍ക്കു 10 വര്‍ഷം തടവു പുതിയ നിര്‍ദേശത്തിലുണ്ട്. സ്വകാര്യ കമ്പനികളുടെ വീഴ്ച റിപ്പോര്‍ട്ട് ചെയ്യാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ ശിക്ഷക്ക് അര്‍ഹരായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കൈക്കൂലി നല്‍കാന്‍ ശ്രമിച്ചാല്‍ ഇപ്പോള്‍ വിധിക്കുന്ന മൂന്നുമാസം തടവ് ഒരു വര്‍ഷമായി ഉയര്‍ത്തും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുന്നവര്‍ക്കുള്ള ശിക്ഷ പത്തു വര്‍ഷം തടവും 5,000 ദിനാര്‍ പിഴയുമായി ഉയര്‍ത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ