മനാമ: ബഹ്‌റൈനിലെ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ഹോട്ടലുകളില്‍ പ്രവര്‍ത്തിക്കുന്നതുമായ എല്ലാ സ്വിമ്മിങ് പൂളുകളിലും കൃത്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുങ്ങുന്നു. റോയല്‍ ലൈഫ് സേവിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓസ്‌ട്രേലിയന്‍ കണ്‍സള്‍ട്ടന്റിന്റെ നിര്‍ദ്ദേശാനുസരണമാണ് സുരക്ഷാ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു കുട്ടികള്‍ സ്വിമ്മിങ് പൂളുകളില്‍ വീണു മരിച്ച പശ്ചാത്തലത്തിലാണു പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്.

റോയല്‍ ലൈഫ് സേവിങ് സൊസൈറ്റി പ്രത്യേക താല്‍പര്യമെടുത്തു നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ കണ്‍സള്‍ട്ടന്റ് രാജ്യത്തെ വിവിധ സ്വിമ്മിങ് പൂളുകള്‍ സന്ദര്‍ശിച്ചു നിലവിലെ സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തി. നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ പിന്തുണയോടെയാണ് നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. സുരക്ഷാ മുന്‍കരുതല്‍ നടപ്പാക്കുന്നതിന്റെ അടുത്ത ഘട്ടം ഉടനെ ആരംഭിക്കുമെന്നു മുനിസിപ്പല്‍ കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ അലി അല്‍ ഷുവൈക്ക് പറഞ്ഞു. സ്വമ്മിങ് പൂള്‍ സുരക്ഷയെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ഓസ്‌ട്രേലിയന്‍ കണ്‍സള്‍ട്ടന്റ് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അപ്രതീക്ഷിതമായി രണ്ടുകുട്ടികള്‍ മരണത്തിനിരയായ സാഹചര്യത്തിലാണു നടപടികള്‍ ശക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലും വില്ലകളിലും പൂന്തോട്ടങ്ങളിലും സ്വമ്മിങ് പൂളുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനു മാനദണ്ഡം കര്‍ശ്ശനമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വേനല്‍ കാലങ്ങളിലും ഇത്തരത്തിലുള്ള അപകടം ആവര്‍ത്തിക്കുന്നതിനാലാണു സുരക്ഷ ഉറപ്പാക്കാന്‍ റോയല്‍ ലൈഫ് സേവിങ് സൊസൈറ്റി സുരക്ഷയുടെ കാര്യത്തില്‍ മുന്‍കൈ എടുക്കുവാന്‍ തയാറായിരിക്കുന്നത്. സയദ് മുജ്തബി സയദ് ജലാല്‍ എന്ന നാലു വയസ്സുകാരന്‍ മാല്‍ക്കിയയിലെ സ്വമ്മിങ് പൂളിലും സലേഹ് അല്‍ തവാദി എന്ന ഏഴുവയസ്സുകാരന്‍ ബുദയ്യയിലെ പൂളിലുമാണു കഴിഞ്ഞ ആഴ്ച മരിച്ചത്.

ഈ സാഹചര്യത്തില്‍ ബഹ്‌റൈന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി സൊസൈറ്റിയും ശക്തമായ സുരക്ഷാ മുന്‍ കരുതലുകള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കടുത്ത ചൂടുണ്ടാകുന്ന സാഹചര്യങ്ങളില്‍ കുടുംബങ്ങള്‍ വാടക നല്‍കുന്ന സ്വിമ്മിങ് പൂളുകളെ ആശ്രയിക്കുന്നതു സാധാരണമാണെന്നും വേനലില്‍ സ്വിമ്മിങ് പൂള്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ സ്വിമ്മിങ് പൂളില്‍ പ്രവേശിക്കുമ്പോള്‍ പുരുഷന്‍മാരായ ലൈഫ് ഗാര്‍ഡുകളുടെ സേവനം വേണ്ടെന്നുവയക്കുന്നത് അപകടത്തിനു വഴിയൊരുക്കുന്നതായാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. വീട്ടില്‍ സ്വിമ്മിങ് പൂള്‍ ഉള്ളവര്‍ കുട്ടികള്‍ പ്രവേശിക്കാത്തിരിക്കാന്‍ വേലി സ്ഥാപിക്കണമെന്നു സൊസൈറ്റി ആവശ്യപ്പെട്ടു.

കുട്ടികള്‍ മുതിര്‍ന്നവരുടെ അസാന്നിധ്യത്തില്‍ സ്വമ്മിങ് പൂളുകളില്‍ പ്രവേശിക്കുന്നതു തടയാന്‍ ശ്രദ്ധവേണമെന്നു സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് കോ ഓഡിനേറ്റര്‍ മസൗമ അല്‍ അവാദി നിര്‍ദ്ദേശിച്ചിരുന്നു. സ്വിമ്മിങ് പൂളുകളില്‍ സ്വീകരിക്കേണ്ട സുരക്ഷ മുന്‍ കരുതല്‍ സംബന്ധിച്ചു സൊസൈറ്റി തയാറാക്കിയ ലഘുലേഖകളുടെ വിതരണവും നടക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ