മനാമ: ബഹ്‌റൈനില്‍ ഉപയോഗിച്ച ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിളക്കി ചേര്‍ക്കുന്ന വര്‍ക്ക് ഷോപ്പ് അധികൃതര്‍ അടച്ചുപൂട്ടി. അയല്‍ രാജ്യത്തു നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച് വിളക്കിച്ചേര്‍ത്താണ് ഇവര്‍ പ്രാദേശിക മാര്‍ക്കറ്റില്‍ വിറ്റഴിച്ചിരുന്നത്. നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയും (എന്‍എച്ച്ആര്‍എ), വാണിജ്യ, വ്യവസായ ടൂറിസം മന്ത്രാലയവും ചേര്‍ന്നാണ് വര്‍ക്ക്‌ഷോപ്പ് അടച്ചു പൂട്ടിയത്.

ഒരു വില്ലയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പിലാണ് ശസ്ത്രക്രിയ ഉപകരണങ്ങള്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചിരുന്നത്. വര്‍ക്ക്‌ഷോപ്പില്‍ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ച് ശസ്ത്രക്രിയ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും പ്രാദേശിക വിപണിയില്‍ വിതരണം ചെയ്യുകയും ആയിരുന്നെന്ന് എന്‍.എച്ച്.ആര്‍.എ അറിയിച്ചു. മന്ത്രാലയത്തിന്റെ അനുമതി കൂടാതെ പ്രവര്‍ത്തിക്കുന്ന വര്‍ക്ക്‌ഷോപ്പില്‍ അധികൃതര്‍ നേരിട്ട് സന്ദര്‍ശിക്കുകയും ഇവിടെയുള്ള എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുകയുമായിരുന്നു.

അന്താരാഷ്ട്ര നിലവാരമനുസരിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മ്മിക്കാനും പരിപാലിക്കാനും വര്‍ക്ക്‌ഷോപ്പിന് യോഗ്യത ഇല്ലെന്ന് എഞ്ചിനിയറിംഗ് സേഫ്റ്റി അതോറിറ്റിയിലെ ഉപദേഷ്ടാവ് നാദ അല്‍ സായിംഗ് സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ