മനാമ: ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ച ബഹ്‌റൈനിന്റേയും മറ്റു രാജ്യങ്ങളുടേയും നടപടികളെയും വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. അഡ്വക്കറ്റ് ജനറലും ഭീകര കുറ്റകൃത്യ പ്രോസിക്യൂഷന്‍ മേധാവിയുമായ അഹ്മദ് അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്.

സൈബര്‍ ക്രൈം ഡയറക്ടറേറ്റില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. രാജ്യത്തിന്റെ നിലപാടിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണ് ഈ പരാമര്‍ശമെന്നു അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് ബഹ്‌റൈന്‍ ഉയര്‍ത്തിയ ശരിയായ കാരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായിരുന്നു പരാമര്‍ശമെന്നും ചൂണ്ടിക്കാണിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിക്കുകയും സംശയിക്കുന്നയാളെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പ്രതിയെ അന്വേഷണ വിധേയമായി കസ്റ്റഡിയില്‍ റിമാൻഡ് ചെയ്യുകയായിരുന്നു.

ബഹ്‌റൈന്‍, ഗള്‍ഫ് കമ്പോളത്തിന്റെ പ്രവേശന കവാടം; ബഹ്‌റൈന്‍ – ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ ചര്‍ച്ച

മനാമ: ബഹ്‌റൈന്‍-ഇന്ത്യാ ബിസിനസ് കൗണ്‍സില്‍ മേധാവി ഖാലിദ് അല്‍ അമീന്‍ ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍ഷിമ്രത് കൗര്‍ ബാദലുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. വരുന്ന നവംബറില്‍ ബഹ്‌റൈനിലെ വ്യാപാര പ്രതിനിധി സംഘം നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങളും ചര്‍ച്ച ചെയ്തു.
ജൂലൈയില്‍ ബഹ്‌റൈനി ഇന്ത്യന്‍ കൗണ്‍സില്‍ മീറ്റിങ്ങും ഇന്ത്യന്‍ ഫുഡ് വേള്‍ഡ് ഫോറവും ഡല്‍ഹിയില്‍ നടക്കും. ബഹ്‌റൈന്‍, ഗള്‍ഫ് കമ്പോളത്തിന്റെ പ്രവേശന കവാടമാണെന്നും ബഹ്‌റൈനിലെ നിയമ വ്യവസ്ഥകള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതാണെന്നും അല്‍ അമീന്‍ പറഞ്ഞു. ബഹ്‌റൈനില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന് മികച്ച പിന്‍തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹ്‌റൈനിലെ കയറ്റുമതിക്കാര്‍ക്കു ഇന്ത്യ മികച്ച കമ്പോളമാണ്. ബഹ്‌റൈനിന്റെ വ്യവസായ മേഖലയുടെ വളര്‍ച്ചക്കും രാജ്യത്തിന്റെ ദേശീയ സമ്പദ് വ്യവസ്ഥയുടെ പുരോഗതിക്കും ഇന്ത്യയുടെ വ്യവസായ വൈദഗ്ധ്യം പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ബഹ്‌റൈനി നിക്ഷേപകര്‍ ഭക്ഷ്യം, ഊര്‍ജം, നിര്‍മാണം, റിയല്‍ എസ്‌റ്റേറ്റ്, ഷിപ്പിങ്ങ്, ജ്വല്ലറി, ബാങ്കിങ്, ധനകാര്യം,ഹോട്ടല്‍, റസ്‌റ്റോറന്റ്, ടെലി കമ്യൂണിക്കേഷന്‍ , ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സമുദ്ര വിനിമയം, തുറമുഖം തുടങ്ങിയ മേഖലയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈനിലെ നിക്ഷേപ സാധ്യതകള്‍ പഠിക്കുന്നതിന് ഇന്ത്യന്‍ ബിസിനസ് സംഘത്തെ ബഹ്‌റൈനലേക്കു ക്ഷണിക്കുന്നതായും അവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook