മനാമ: ബഹ്‌റൈന്‍ തീരക്കടലിലെ പവിഴപ്പുറ്റുകള്‍ ഭീഷണിയിലാണെന്നു പഠനം. സമുദ്രത്തിലെ ഉയര്‍ന്നചൂടും എക്കല്‍ മണ്ണുവന്നു നിറയുന്നതും കാരണം പവിഴപ്പുറ്റുകള്‍ സമ്പൂര്‍ണ നാശത്തിലേക്കു നീങ്ങുകയാണെന്നാണു സൂചന. വടക്കു കിഴക്കന്‍ തീരത്തെ വിശാലമായ ആറോളം പവിഴപ്പുറ്റുകളുടെ പ്രധാന ഇടങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മറൈന്‍ ബയോളജിസ്റ്റ് അബ്ദുല്‍ ഖാദര്‍ ഖമീസാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ നഗരാസൂത്രണ മന്ത്രാലയത്തിനു കീഴിലുള്ള മല്‍സ്യ ബന്ധന വകുപ്പിന്റേയും കാര്‍ഷിക, സമുദ്രോല്‍പ്പന്ന ഡയറക്ടറേറ്റിന്റേയും സഹകരണത്തോടെയായിരുന്നു പരിശോധനകള്‍ നടന്നത്. പവിഴപ്പുറ്റുകള്‍ അനാരോഗ്യകരമായ അന്തരീക്ഷത്തിലാണു നിലനില്‍ക്കുന്നതെന്നും ഇപ്പോഴത്തെ കാലാവസ്ഥയെ പവിഴപ്പുറ്റിന് അതിജീവിക്കാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹത്തിന്റെ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. വടക്കന്‍ ഭാഗത്തേയും കിഴക്കന്‍ ഭാഗത്തേയും പ്രധാന പവിഴപ്പുറ്റുകളെല്ലാം പഠനത്തിനു വിധേയമാക്കിയിരുന്നു.

സമുദ്രത്തില്‍ ഉയര്‍ന്ന ചൂടും മണ്ണടിച്ചിലുമാണ് പ്രധാന ഭീഷണിയായി കണ്ടെത്തിയിരിക്കുന്നത്. പവിഴപ്പുറ്റുകളില്‍ 63 ശതമാവും പായല്‍ മൂടിയ നിലയിലാണ്. ഇതാണ് അനാരോഗ്യകരമായ ചുറ്റുപാടിന്റെ പ്രധാന ലക്ഷണം. വൈകാതെ പവിഴപ്പുറ്റുകള്‍ മുഴുവന്‍ പായലുകള്‍ കീഴടക്കുന്ന അവസ്ഥയുണ്ടാവും. അശാസ്ത്രീയമായ മല്‍സ്യ ബന്ധനവും സമുദ്രം മണ്ണിട്ടു നികത്തല്‍ തുടങ്ങിയവയും പവിഴപ്പുറ്റിന്റെ നാശത്തിനു കാരണമായിട്ടുണ്ട്.

ഭര്‍ത്താവില്‍ നിന്നുള്ള ബലാല്‍സംഗം കുറ്റകൃത്യമാക്കണമെന്ന ആവശ്യം ശക്തം
മനാമ: ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന ബലാല്‍സംഗം കുറ്റകൃത്യമായി പരിഗണിക്കണമെന്ന ആവശ്യവുമായി ബഹ്‌റൈനിലെ വനിതാ അവകാശ സംഘടന രംഗത്തു വന്നു. ഇതിനായി പുതിയ നിയമം കൊണ്ടുവരണമെന്നാണു സംഘടന ആവശ്യപ്പെടുന്നത്. ഇത്തരത്തിലൊരു നിയമം കൊണ്ടുവരാനുള്ള നീക്കം 2015 ല്‍ പാര്‍ലമെന്റിന്റെ ജന പ്രാതിനിധ്യ സഭയും ഷൂറ കൗണ്‍സിലും വീറ്റോ ചെയ്തിരുന്നു. എന്നാല്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഭാഗത്തു നിന്ന് അന്നുണ്ടായ നീക്കം അപകടകരമായിരുന്നുവെന്നാണ് സംഘടന പറയുന്നത്.

വിവാഹ ശേഷം ഭര്‍ത്താവില്‍ നിന്നു സ്ത്രീ അനുഭവിക്കുന്ന പീഡനങ്ങളില്‍ നിന്ന് അവര്‍ക്കു സംരക്ഷണം നല്‍കുന്ന നിയമം ആവശ്യമാണെന്നു അവാല്‍ വിമന്‍ സൊസൈറ്റി സാമൂഹിക ഗവേഷക ഫാത്തിമ റബീയ പറഞ്ഞു. ബലം പ്രയോഗിച്ചു ലൈംഗിക ബന്ധം നടത്തുന്ന ഭര്‍ത്താക്കന്‍മാരുടെ പീഡനം സംബന്ധിച്ചു നിരവധി വനിതകളാണു പരാതിയുമായി സൊസൈറ്റിയെ സമീപിക്കുന്നത്. സാമൂഹികമായ അപമാനം ഭയന്ന് ഇത്തരം കേസുകളില്‍ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം കേസുകളില്‍ പരാതി നല്‍കിയാല്‍ തങ്ങള്‍ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും പുറത്താകുമോ എന്ന ഭയത്താല്‍ ഇത്തരം പീഡനങ്ങള്‍ നിരവധി സ്ത്രീകള്‍ സഹിക്കുകയാണ്. ഭര്‍ത്താവില്‍ നിന്നാണെങ്കില്‍ പോലും പീഡനം ഏല്‍ക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പരാതിപ്പെടുന്നത് അപമാനമല്ലെന്ന ബോധം സ്ത്രീകളില്‍ ഉണ്ടാവണം. വിവാഹനന്തര ബലാല്‍സംഗം കുറ്റകരമാണെന്ന നിയമ നിര്‍മാണം സാധ്യമായാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ സഹായിക്കാന്‍ കഴിയൂ.

ഭര്‍ത്താവിനു ഭാര്യയെ മര്‍ദ്ദിക്കാനും പീഡിപ്പിക്കാനും അവകാശമുണ്ടെന്ന ബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നത് അപകടകരമാണ്. ഇത്തരം കേസുകളില്‍ ആറുമാസം വരെ തടവും 500 ദിനാര്‍ വരെ പിഴയും വിധിക്കാവുന്ന കുറ്റമായി പരിഗണിക്കമെന്ന നിര്‍ദ്ദേശത്തിലായിരുന്നു 2015ല്‍ പാര്‍ലമെന്റ് വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 633 ഗാര്‍ഹിക പീഡന കേസുകളാണ് ആഭ്യന്തര മന്ത്രാലയം ഫാമിലി ഗൈഡന്‍സ് ഓഫിസിലേക്കു റഫര്‍ ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ