മനാമ: കടുത്ത ചൂടില്‍ പുറം ജോലി നിരോധിക്കുന്ന ഉച്ച വിശ്രമ നിയമം ബഹ്‌റൈനില്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. ജൂലൈ മുതല്‍ ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നത്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ ശക്തമായ നടപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്. വേനല്‍ കനത്തതോടെ കടുത്ത ചൂടാണ് പകല്‍ സമയങ്ങളില്‍ ബഹ്‌റൈനില്‍ അനുഭവപ്പെടുന്നത്. ഇതുമൂലം, നിര്‍മാണ മേഖലയിലും മറ്റുമുള്ള തൊഴിലാളികള്‍ ദുരിതത്തിലാണ്.

ഉച്ച വിശ്രമ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് വിവിധ കമ്പനികളോട് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ആവശ്യപ്പെട്ടു. ഇത്തവണയും നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്കു 12മുതല്‍ വൈകീട്ട് നാലു വരെ അടുത്ത രണ്ടു മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിക്കുന്നതാണ് ഈ നിയമം. ഉന്നതമായ മനുഷ്യാവകാശ നിലപാടുകളാണ് ബഹ്‌റൈന്‍ സ്വീകരിക്കുന്നതെന്നും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുമ്പോള്‍ തന്നെ, തൊഴിലാളികളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ട്. വേനലിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കാന്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും കമ്പനി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. വേനലില്‍ സൂര്യാതപം, നിര്‍ജലീകരണം എന്നിവക്ക് സാധ്യതയുണ്ട്. അതിനാല്‍ തൊഴിലാളികളോട് മതിയായ അളവില്‍ വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അക്വേറിയം മല്‍സ്യങ്ങളില്‍ ഫംഗല്‍ രോഗം പടരുന്നു
മനാമ: രാജ്യത്ത് അക്വേറിയം മല്‍സ്യങ്ങളില്‍ ഫംഗല്‍ രോഗം പടരുന്നതായി മുന്നറിയിപ്പ്. മല്‍സ്യങ്ങളില്‍ ചാര നിറത്തിലോ വെളുത്ത നിറത്തിലോ ഉണ്ടാവുന്ന പാടുകളാണ് രോഗ ലക്ഷണം. ഫംഗസ്സ് ബാധിച്ച മല്‍സ്യത്തിന്റ ശരീരം ക്ഷയിക്കുകയും ശരീരം അഴുകി മല്‍സ്യം ചത്തുപോവുകയും ചെയ്യുന്നു. കോട്ടന്‍ വൂള്‍ രോഗം എന്നാണ് ഇതറിയപ്പെടുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അക്വേറിയത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരക്കുറവ്, വൃത്തിയില്ലായ്മ, ചത്ത മല്‍സ്യങ്ങളെ നീക്കാതിരിക്കല്‍, മാലിന്യം അടിയല്‍ എന്നിവയെല്ലാം ഫംഗല്‍ ബാധ പിടിപെടാന്‍ ഇടയാക്കുന്നു. ശുദ്ധ ജലത്തില്‍ വളര്‍ന്ന മല്‍സ്യങ്ങളെ ഉപ്പു വെള്ളത്തിലേക്കു മാറ്റുന്നത് ഫംഗല്‍ ബാധക്കു കാരണമാകുന്നു.

ആന്റി ഫംഗല്‍ ഏജന്റുകള്‍ ഉപയോഗിച്ചു ടാങ്കുകള്‍ വൃത്തിയാക്കുകയാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മല്‍സ്യങ്ങളില്‍ രോഗ ലക്ഷണം കണ്ടാല്‍ ഉടനെ ടാങ്കിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം. ടാങ്കുകള്‍ വൃത്തിയായി സൂക്ഷിച്ചാല്‍ തന്നെ ഇത്തരം രോഗ ബാധ തടയാന്‍ കഴിയുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ