മനാമ: വ്യാഴാഴ്ച ബഹ്റൈനില്‍ പെയ്തത് 29 വര്‍ഷത്തെ ഏറ്റവും ശക്തമായ മഴ, 45 മുതല്‍ 50 മില്ലീമീറ്റവര് വരെ ശക്തിയുള്ള കനത്ത മഴ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത്. വൈകീട്ട് ആറുമുതല്‍ പെയ്ത മഴ 45 മില്ലീമിറ്റര്‍. ദക്ഷിണ ഭാഗങ്ങളില്‍ മഴയുടെ ശേഷി 50 മില്ലി മീറ്റര്‍ വരെയായി. ഇത് 29 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴയായാണ് രേഖപ്പെടുത്തുന്നത്.
മുന്‍കാലങ്ങളില്‍ ഫെബ്രുവരിയിലെ ശരാശരി മഴയുടെ അളവ് 16.2 മില്ലി മീറ്റര്‍ മാത്രമായിരുന്നു. ഇതിന് അപവാദമായിരുന്നത് 1988ലായിരുന്നു. ആ വര്‍ഷം ഫെബ്രുവരിയില്‍ 106.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. വ്യാഴാഴ്ചത്തെ തോരാമഴയില്‍ റോഡുകളില്‍ വ്യാപകമായി വെള്ളം കയറി. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഇന്നലെ രാവിലെ വരെ മഴ തുടര്‍ന്നു.
ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. രാജ്യത്തിന്റെ പലയിടങ്ങളിലും മുട്ടോളം വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാരംഭിച്ച മഴ തിങ്കളാഴ്ച കനത്തിരുന്നെങ്കിലും ബുധനാഴ്ച പൊതുവേ ദുര്‍ബലമായി. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് നാലരയോടെ മഴ കനത്തു. മണിക്കൂറുകളോളം തുടര്‍ച്ചയായി മഴ പെയ്തതോടെ മഴവെള്ളം റോഡുകളില്‍ നിറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും വാഹന ഉടമകള്‍ക്കും മഴയില്‍ വെള്ളം ഉയര്‍ന്നതോടെ ദുരിതമായി.
തലസ്ഥാനമായ മനാമയില്‍ പ്രധാന ഹൈവേ ഒഴിച്ച് മിക്ക നഗര റോഡുകളിലും ഉള് റോഡുകളിലും പല ഭാഗത്തായി താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയത് ഗതാഗതത്തെ സാരമായി ബാധിച്ചു. മഴവെള്ളം ഡ്രൈനേജ് വഴി ഒഴിഞ്ഞു പോകാത്തതാണ് വിനയായത്. ആലി, ബുദയ്യ, റിഫ എന്നിവടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. മഴക്ക് ഇടിയും മിന്നലും അകമ്പടിയേകി. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ കാറ്റ് ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചക്കു ശേഷമാണ് മാനം തെളിഞ്ഞത്. എന്നാല്‍ വൈകീട്ടോടെ തണുപ്പ് ശകതമായി.
വെള്ളക്കെട്ട് നീക്കം ചെയ്യുന്നതിനായി നാല് ഗവര്ണറ്റുകളിലുമായി 107 വാട്ടര്‍ ടാങ്കുകളും 23 പമ്പുകളും പ്രവര്‍ത്തിച്ചെങ്കിലും ഇന്നലെയും പലഭാഗത്തും വെള്ളക്കെട്ട് നീക്കാന്‍ കഴിഞ്ഞില്ല. മന്ത്രാലയത്തിന്റെ മഴവെള്ള അടിയന്തിര സമിതി അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി പൊതുമരാമത്ത് അണ്ടര്‍ സെക്രട്ടറി ആഹ്മെദ് അല്‍ ഖയാത്ത് അറിയിച്ചു. അഴുക്ക് ചാലുകളുടെ അടപ്പുകള്‍ തുറക്കരുതെന്ന് ബന്ധപ്പെട്ടവര്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. അടിയന്തിരഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനു പൊതു ജനങ്ങള്‍ക്കായി ടോള്‍ ഫ്രീനമ്പറായ 999, ഹോട്ട് ലൈന്‍ നമ്പറായ 80001810 എന്നീ നമ്പറുകളും നല്കി.
മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. വൈദ്യുതിബന്ധം വിച്ഛേദിക്കാനും നനയാന്‍ സാധ്യതയുള്ള വസ്തുവകകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചു. ഈര്‍പ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. വൈദ്യുതി ബന്ധത്തിലോ വാട്ടര്‍ കണക്ഷനിലോ എന്തെങ്കിലും കേടുപാടുകള്‍ ഉണ്ടായാല്‍ അധികൃതരെ അറിയിക്കണം.
വെള്ളക്കെട്ടുകളുടെ ആഴം മനസിലാക്കാന്‍ കഴിയാത്തതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രാജ്യത്തിനെ വിവിധ ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുവാന്‍ പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് ആൻഡ് നഗരാസൂത്രണ മന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തനനിരതരാണെന്നും അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ മഴ ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ ഇന്നലെ സന്ദര്‍ശിച്ചു. വെള്ളക്കെട്ടുകള്‍ അടിയന്തിരമായി നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട സാങ്കേതിക വിഭാഗങ്ങള്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി. പ്രദേശത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്കി.