മനാമ: കിരീടാവകാശിയും ഡപ്യൂട്ടി സുപ്രിം കമാന്ററും ഒന്നാം ഡപ്യൂട്ടി പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ വിവിധ റമദാന്‍ മജ്‌ലിസ് സന്ദര്‍ശനങ്ങള്‍ക്കു തുടക്കമായി. ഇന്നലെ അല്‍ മുസ്സലാം കുടുംബത്തിന്റെ മജ്‌ലിസ്സിലായിരുന്നു ആദ്യ സന്ദര്‍ശം. തുടര്‍ന്നു മഹമൂദ് കുടുംബത്തിന്റെ മജ്‌ലിസും ഷൂറാ കൗണ്‍സില്‍, പാര്‍ലമെന്ററി കാര്യ മന്ത്രി ഖനിം ബിന്‍ ഫാദെല്‍ അല്‍ ബുനൈന്റെ മജ്‌ലിസും കിരീടാവകാശി സന്ദര്‍ശിച്ചു. ഷെയ്ഖ് ഇസാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയും കിരീടാവകാശിയെ അനുഗമിച്ചു.

രാജ്യത്ത് എണ്ണയിതര വരുമാനം ഉയര്‍ത്തുന്നതിന് ബഹ്‌റൈന്‍ ഇക്കണോമിക് വിഷന്‍ 2030 വലിയ പങ്കു വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സുസ്ഥിര ലക്ഷ്യങ്ങള്‍ കൈവരിക്കുമ്പോള്‍ തന്നെ പൗരന്‍മാര്‍ക്ക് മികച്ച സേവനങ്ങളും അവസരങ്ങളും സൃഷ്ടിക്കും. രാജ്യത്തെ സാമ്പത്തിക മേഖല സുസ്ഥിരമാക്കുന്നതിന് രാജ്യത്തിന്റെ സ്വകാര്യ മേഖലയിലേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കും.

പൗരന്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും രാജ്യത്തെ വേഗതയാര്‍ന്ന വികസന പദ്ധതികള്‍ നടപ്പാക്കുക. രാജ്യത്തു സാമൂഹിക സുരക്ഷാ പദ്ധതിയുടെ ചട്ടക്കൂട് സമഗ്രമായിരിക്കും. ജനങ്ങളുടെ ഭാവിയെ കരുതിയുള്ള നിക്ഷേപങ്ങളാണു ബഹ്‌റൈന്‍ ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ