മനാമ: പൗരന്‍മാരുടെ ആവശ്യങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനു ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് അനിവാര്യമാണെന്ന് ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ. ജനങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കി സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കുന്നതിലൂടെ പരിഹാരങ്ങള്‍ കാണേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തില്‍ നടന്ന വാരാന്ത മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങളുടെ പരാതികളില്‍ കാലതാമസം കൂടാതെ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതിനു മന്ത്രാലയങ്ങള്‍ ഉയര്‍ന്ന പരിഗണന നല്‍കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ യഥാ സമയം ജനങ്ങളെ അറിയിക്കുന്നതിനു മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും പത്രമാധ്യമങ്ങളെ പ്രയോജനപ്പെടുത്തി ഫലപ്രദമായ ആശയ വിനിമയ സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് ഭീകര പ്രവര്‍ത്തനത്തിന്റെ സുരക്ഷിത താവളങ്ങളും ഒളിവു സങ്കേതങ്ങളും കണ്ടെത്തി തകര്‍ക്കുന്നതില്‍ വിജയകരമായ നേട്ടങ്ങള്‍ കൈവരിക്കുന്ന തരത്തില്‍ സേനയെ സജ്ജമാക്കുന്നതിന് ആഭ്യന്തര മന്ത്രിയെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

രാജ്യത്തേക്കു കള്ളക്കടത്തു നടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്നു ശേഖരം പിടികൂടിയ സുരക്ഷാ ഏജന്‍സികളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സൗദി അറേബ്യയുടെ കിരീടാവകാശിയായി നിയമിതനായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്ലസീസ് അല്‍ സൗദിനെ കാബിനറ്റ് പ്രത്യേകം അഭിനന്ദിച്ചു. മക്കയിലെ ഗ്രാന്റ് മോസ്‌കിനു നേരെ നടത്താന്‍ ശ്രമിച്ച ഭീകരാക്രമണം ഫലപ്രദമായി തകര്‍ത്ത സൗദി സുരക്ഷാ ഏജന്‍സികളേയും മന്ത്രിസഭ അഭിനന്ദിച്ചു.

ഭൂമിയിലെ ഏറ്റവും പവിത്രവും മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രവുമായി ഇവിടെ രക്തം ചൊരിയാനുള്ള അത്യന്തം ഹീനമായ ശ്രമത്തെ യോഗം ശക്തമായി അപലപിച്ചു. ഭീകരവാദത്തെ നേരിട്ടു മേഖലയുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പു വരുത്തുന്നതിനുള്ള സൗദിയുടെ എല്ലാ ശ്രമങ്ങള്‍ക്കും ബഹ്‌റൈന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഈ ദിശയില്‍ സൗദി സ്വീകരിക്കുന്ന നടപടികള്‍ സുപ്രധാനമാണെന്നും യോഗം വിലയിരുത്തി. സര്‍ക്കാര്‍ പര്‍ച്ചേസുകളും ടെണ്ടറുകളും 20 ശതമാനം ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കു നല്‍കുന്നതു സംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദ്ദേശത്തിനു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ