മനാമ: വരും തലമുറയ്ക്കായി രാജ്യത്തിന്റെ ചരിത്രവും നാഗരിക പാരമ്പര്യവും കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു. യുവ തലമുറയെ രാജ്യത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പഠിപ്പിക്കുന്നതോടൊപ്പം അവരെ രാജ്യ സ്‌നേഹികളായി വളര്‍ത്തി രാഷ്ട്രത്തിന്റെ വളര്‍ച്ചയിലും അഭിവൃദ്ധിയിലും പങ്കാളികളാക്കി മാറ്റേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരുമായി ഗുദൈബിയ പാലസ്സില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വിവിധ വിഷയങ്ങളെക്കുറിച്ചു യോഗത്തില്‍ ചര്‍ച്ച നടന്നു.

പൗരന്‍മാരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കുന്നതിനും എക്‌സിക്യൂട്ടീവിന്റെയും നിയമ നിര്‍മാണ സഭകളുടേയും സഹകരണം ശക്തമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭവനം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങി രാജ്യത്തിന്റെ വിവിധ മേഖലയില്‍ നടപ്പാക്കി വരുന്നു വ്യത്യസ്തമായ പദ്ധതികളിലൂടെ രാജ്യത്തിന്റെ വികസനം മുന്നേറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൗരന്‍മാരുടെ ആഗ്രഹങ്ങള്‍ ഉയര്‍ന്ന ഗുണമേന്‍മയോടെ സഫലമാക്കാന്‍ കഴിയുന്നവയാണ് ഇത്തരം പദ്ധതികളെല്ലാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആധുനികവും സമഗ്രവുമായ വികസന ലക്ഷ്യങ്ങളില്‍ രാഷ്ട്രം ശരിയായ പാതയിലാണു സഞ്ചരിക്കുന്നതെന്നും രാഷ്ട്രം ലക്ഷ്യമിടുന്ന വികസനത്തിന്റെ നെടുന്തൂണുകളായി വര്‍ത്തിക്കുന്നതു ജനങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ