മനാമ: ‘ഭീകര വ്യവസായം’ ഏറ്റവും അപകടകരമായ നിലയിലേക്കു വളര്‍ന്നതായി ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പറഞ്ഞു. ദൃഢമായ തീരുമാനങ്ങളിലൂടെയും സുരക്ഷാപരമായ കടുത്ത ജാഗ്രതയിലൂടെയും മാത്രമേ ഈ വളര്‍ച്ചയെ തടയാന്‍ കഴിയുകയുള്ളൂവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഭീകരതയെ അനുവദിക്കില്ല. ഭീകരതയ്ക്കു വേണ്ട പണവും അതിനുവേണ്ട വിഭവങ്ങളും എത്തിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഇത്തരം ശ്രമങ്ങളിലൂടെ രാജ്യത്തിന്റെയും ജനങ്ങളുടേയും സുരക്ഷയ്ക്കു ഭീഷണി സൃഷ്ടിക്കാനാണു ശ്രമം. രാജ്യത്തിന്റെ സുരക്ഷയേയും സുസ്ഥിരതയേയും അപകടപ്പെടുത്തുന്ന ഭീകര നീക്കങ്ങള്‍ക്കെതിരെ സുരക്ഷാ ഏജന്‍സികള്‍ക്കു കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത്തരം സംഘങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരാനും കര്‍ശന ശിക്ഷക്കു വിധേയമാക്കാനും നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സുസ്ഥിരതയക്കു കാവല്‍ നില്‍ക്കുകയും സുരക്ഷ കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന സുരക്ഷ ഏജന്‍സികളേയും സൈനികരേയും അഭിവാദ്യം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗുദൈബിയ പാലസ്സില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൗരന്‍മാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ആഗോള സാമ്പത്തിക രംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മറികടന്നുകൊണ്ടു രാജ്യത്തെ അവിശ്രമം മുന്നോട്ടു നയിക്കുന്ന പ്രധാനമന്ത്രിയെ അതിഥികള്‍ ആശംസിച്ചു. എല്ലാ തരത്തിലുമുള്ള വെല്ലുവിളികളെ മറികടക്കാന്‍ കഴിയുന്ന തരത്തില്‍ ബഹ്‌റൈന്‍ ജനത ഐക്യത്തോടെയും സഹവര്‍ത്തിത്വത്തോടെയും മുന്നോട്ടു പോവുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ