മനാമ: ബഹ്‌റൈനില്‍ ഏര്‍പ്പെടുത്തിയ പൊലീസ് നിരീക്ഷണ സംവിധാനമായ ഒംബുഡ്‌സ്മാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരിലെ 83 സ്വഭാവ ദൂഷ്യ കേസുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. 12 മാസത്തിനിടെയാണ് ഇത്രയും കേസുകള്‍ കണ്ടെത്തിയത്. ഇതില്‍ 56 എണ്ണം സൈനിക കോടതിക്കു കൈമാറി. 15 എണ്ണം പബ്ലിക് പ്രോസിക്യൂഷന്റെ സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റി(എസ്‌ഐയു)നും കൈമാറി. ഒരു കേസ് നേരിട്ടു പബ്ലിക് പ്രോസിക്യൂഷനും മറ്റൊരു കേസ് ആഭ്യന്തര മന്ത്രാലയം അച്ചടക്ക സമിതിക്കും കൈമാറി.

2016 മെയ് ഒന്നുമുതല്‍ 2017 ഏപ്രില്‍ 30 വരെയുള്ള ഒംബുഡ്‌സ്മാന്‍ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ഈ കാലയളവില്‍ ഓംബുഡ്‌സ്മാനു മുമ്പാകെ സഹായത്തിനായുള്ള 691 അപേക്ഷകള്‍ ലഭിച്ചു. വ്യക്തികളില്‍ നിന്നും പ്രാദേശിക,അന്താരാഷ്ട്ര സംഘടനകളില്‍ നിന്നായി 465 പരാതികളുമാണു ലഭിച്ചത് സെക്രട്ടറി ജനറല്‍ നവാഫ് അല്‍ മാവ്ദ പറഞ്ഞു.
പരാതികളില്‍ 348 എണ്ണം റജിസ്റ്റര്‍ ചെയ്തതു സ്ത്രീകളാണ്. പുരുഷന്‍മാരുടെ പരാതികള്‍ 761 എണ്ണമുണ്ട്. പ്രാദേശിക, അന്താരാഷ്ട്ര ഏജന്‍സികളുടെ പരാതികള്‍ 47 എണ്ണവുമാണ്.

2013 ജൂലൈയിലാണ് ഈ നിരീക്ഷണ സംവിധാനം രാജ്യത്തു നിലവില്‍ വന്നത്. ബഹ്‌റൈനില്‍ ഒരു സ്വതന്ത്ര അന്വേഷണ കമ്മിഷന്‍ ആവശ്യമാണെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓംബുഡ്‌സ്മാന്‍ സ്ഥാപിച്ചത്. ക്രൂരത, പീഢനം തുടങ്ങി മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പരാതികളാണ് എസ്‌ഐയുവിന് അയച്ചത്. ഇത്തരത്തിലുള്ള ഗുരുതരമായ പരാതികളുടെ എണ്ണത്തില്‍ കുറവു വന്നതായി അല്‍ മാവ്ദ പറഞ്ഞു. എസ്‌ഐയുവിന് അയക്കുന്ന കേസുകളില്‍ 72 ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള 55 കേസുകള്‍ റഫര്‍ ചെയ്തപ്പോള്‍ ഇത്തവണ 15 കേസുകളായി ചുരുങ്ങിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ മാത്രം 202 പരാതികള്‍ ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കസ്റ്റഡി മരണങ്ങള്‍ തടയുന്നതിനുള്ള കര്‍ശന നടപടികളാണ് ഓംബുഡ്‌സ്മാന്‍ സ്വീകരിക്കുന്നത്. ഒരു സ്ത്രീ ഉള്‍പ്പെടെ എട്ടു കസ്റ്റഡിമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ജോ ജയിലില്‍ വച്ചാണു നാലു മരണങ്ങള്‍ സംഭവിച്ചത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ വച്ചു മൂന്നു മരണവും ബിഡിഎഫ് ആശുപത്രിയില്‍ ഒരു മരണവും സംഭവിച്ചു. ഇതില്‍ മൂന്നു മരണങ്ങള്‍ ഹൃദയാഘാതം മൂലവും ഒന്നു ഗുരുതര രോഗം മൂലവും ആയിരുന്നു. ജോ ജയിലിലുണ്ടായ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇതേ സമയം, ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പരാതി സെല്ലില്‍ 328 പരാതികളാണു ലഭിച്ചത്. 8008008 നമ്പറില്‍ ലഭിക്കുന്ന പരാതികളില്‍ വിവിധ പൊലീസ് സ്‌റ്റേഷനുകള്‍ അന്വേഷണം നടത്തുന്നു. വിദേശികളും സ്വദേശികളും ഈ നമ്പറില്‍ പരാതി നല്‍കുന്നുണ്ട്. പൊതു സുരക്ഷ ഉദ്യോഗസ്ഥരുടെ സ്വഭാവ, പെരുമാറ്റ ദൂഷ്യങ്ങള്‍ സംബന്ധിച്ച പരാതികളാണ് ഇങ്ങനെ ലഭിക്കുന്നതില്‍ ഏറെയും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ