മനാമ: കുട്ടികള്‍ക്കു പൗരത്വം കൈമാറാനുള്ള അവകാശം സ്ത്രീക്കും പുരുഷനും ഒരുപോലെ ലഭിക്കുന്ന നിയമ ഭേഗതഗി ബഹ്‌റൈന്‍ ചര്‍ച്ച ചെയ്യുന്നു. ഈ ഭേദഗതിയോട് എതിര്‍പ്പുമായി വിവിധ കേന്ദ്രങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ കൂടുതല്‍ ബഹ്‌റൈനി വനിതകള്‍ വിദേശികളെ വിവാഹം ചെയ്യാന്‍ സന്നദ്ധമാകുമെന്നാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ബഹ്‌റൈനി പുരുഷന്‍ വിദേശ വനിതയെ വിവാഹം ചെയ്താലും കുട്ടികള്‍ക്കു ബഹ്‌റൈന്‍ പൗരത്വം ലഭിക്കുന്നതിനു തടസ്സമില്ല. എന്നാല്‍ നിലവില്‍ ബഹ്‌റൈനി വനിതയെ വിവാഹം ചെയ്തിരിക്കുന്നതു വിദേശിയാണെങ്കില്‍ മക്കള്‍ക്കു ബഹ്‌റൈന്‍ പൗരത്വം കൈമാറാന്‍ കഴിയില്ല.

നിലവിലുള്ള നിയമം ലിംഗ നീതിക്കെതിരാണെന്നു ചൂണ്ടിക്കാട്ടിയാണു നിയമ ഭേദഗതി പാര്‍ലിമെന്ററിന്റെ പരിഗണനക്കു വരുന്നത്. ഭര്‍ത്താവ് വിദേശിയായ സ്ത്രീക്കു പിറക്കുന്ന കുട്ടികള്‍ക്കു നിലവില്‍ രാജ്യത്ത് വിദ്യാഭ്യാസ ഗ്രാന്റ്, സ്‌കോളര്‍ഷിപ്പ്, ഭവന സേവനങ്ങള്‍ എന്നിവയൊന്നും ലഭിക്കില്ല. ഇത്തരം കുട്ടികളെ വിദേശ പൗരന്‍മാരായാണു രാജ്യം പരിഗണിക്കുന്നത്.

ഭേദഗതി നടപ്പായാല്‍ ബഹ്‌റൈനി വനിതകള്‍ വന്‍തോതില്‍ വിദേശികളെ വിവാഹം ചെയ്യാന്‍ സന്നദ്ധമാവുമെന്നും ഇതു രാജ്യത്തിന്റെ ജനസംഖ്യാനുപാതത്തെ ബാധിക്കുമെന്നും പാര്‍ലമെന്റിന്റെ വിദേശ കാര്യ പ്രതിരോധ സുരക്ഷാ സമിതി അഭിപ്രായപ്പെട്ടു. ബഹ്‌റൈനി വനിതകളുടെ സംരക്ഷണം ആഗ്രഹിച്ചുകൊണ്ടാണ് ഈ ഭേദഗതിയെ എതിര്‍ക്കുന്നതെന്നു ചെയര്‍മാന്‍ ജമാല്‍ ബുഹസ്സന്‍ പറയുന്നു.
ബഹ്‌റൈന്‍ വനിതാ പരമോന്നത കൗണ്‍സില്‍ ഭേദഗതിക്ക് അനുകൂലമാണ്. 1963ലെ പൗരത്വ നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്നാണ് കൗണ്‍സില്‍ ആവശ്യപ്പെടുന്നത്. സ്ത്രീകള്‍ക്കു തങ്ങളുടെ പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം വേണമെങ്കിലും ഭേദഗതി സമൂഹത്തില്‍ പ്രതിഫലനം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നു പാര്‍ലമെന്റിന്റെ വനിതാ, ശിശു സമിതി അധ്യക്ഷയുമായ റുവ അല്‍ ഹൈക്കി എംപി പറഞ്ഞു.

നിലവിലുള്ള സാഹചര്യത്തില്‍ കുട്ടിയുടെ പിതാവ് ആരാണെന്നു വ്യക്തമല്ലാത്ത സാഹചര്യത്തില്‍ പൗരത്വം കുട്ടികളിലേക്കു കൈമാറാന്‍ വ്യവസ്ഥയുണ്ട്. 2007ല്‍ പൗരത്വ നിയമ ഭേദഗതിക്കായി ശ്രമിച്ചിരുന്നുവെങ്കിലും നടക്കാതെ പോവുകയായിരുന്നു. ഭേദഗതിയെ വിമര്‍ശിക്കുന്നവര്‍ സത്യത്തില്‍ രാജ്യത്തിന്റെ നിയമ വ്യവസ്ഥയുടെ പുരോഗതി തടയുകയാണെന്നു വനിതാ പരമോന്നത കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഹാല അല്‍ അന്‍സാരി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി ഭേദഗതികള്‍ക്കാണു രാജ്യം സാക്ഷ്യം വഹിച്ചത്. ഏകീകൃത കുടുംബ നിയമം കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് ഐക കണ്‌ഠ്യേനെ പാസാക്കിയിരുന്നു.

സൂര്യാഘാതമേറ്റ ഇന്ത്യന്‍ തൊഴിലാളിയുടെ നില മെച്ചപ്പെടുന്നു
മനാമ: കടുത്ത സൂര്യാഘാതത്തിന് ഇരയായി അബോധാവസ്ഥയിലായ ഇന്ത്യന്‍ പ്രവാസി സുഖം പ്രാപിക്കുന്നു. സൂര്യാഘാതത്തിന് ഇരയായി ഒരാഴ്ച മുമ്പ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ പ്രവേശിപ്പിച്ച രോഗി അത്യാസന്ന നിലയിലായിരുന്നു. ഈ അവസ്ഥയില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടു വരുന്നത് അദ്ഭുതകരമാണെന്ന് ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം ചീഫ് റസിഡന്റ് ഡോ. പി.വി.ചെറിയാന്‍ വെളിപ്പെടുത്തി.

മോണിങ് ഷിഫ്റ്റിലെ ജോലി കഴിഞ്ഞു മടങ്ങി വരുന്ന വഴിയാണ് മുഹമ്മദ് ഹാരിസ് എന്ന ഇന്ത്യന്‍ തൊഴിലാളിക്ക് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന ഇയാളുടെ നില സാവധാനം മെച്ചപ്പെട്ടു വരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇയാള്‍ക്കു ബോധം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി വൃത്തങ്ങള്‍. കോമ സ്‌റ്റേജിലായിരുന്ന ഒരു രോഗി സാധാരണ നിലയിലേക്കു തിരിച്ചു വരുന്നത് അപൂര്‍വമായിരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ കണ്ണുകള്‍ തുറക്കുന്ന ഇയാളുടെ സ്ഥിതി മെച്ചപ്പെടുന്നു എന്നതിന്റെ സൂചനയാണുള്ളത്. ഇപ്പോള്‍ ചോദ്യങ്ങളോടോ നിര്‍ദ്ദേശങ്ങളോടോ രോഗി പ്രതികരിക്കുന്നില്ല.

ഇയാളുടെ വൃക്കയുടേയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മെച്ചപ്പെട്ടതായാണു പരിശോധനാ ഫലങ്ങള്‍ കാണിക്കുന്നത്. ഇതാണു പ്രതീക്ഷ പകരുന്ന ഘടകം. സൂര്യാഘാതം ഉണ്ടാവുന്ന രോഗികളെ സാധാരണ നിലയിലേക്കു തിരിച്ചു കൊണ്ടുവരിക എന്നത് അപൂര്‍വമാണെന്നും ഈ പുരോഗതിയില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ