മനാമ: 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം ബഹ്‌റൈനില്‍ വിലക്കുന്നു. കഴിഞ്ഞ ദിവസം പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം വിവാഹത്തിനുള്ള പെണ്‍കുട്ടികളുടെ പ്രായം 16 ആയിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു. കോടതിയുടെ വ്യക്തമായ അനുമതിയുണ്ടെങ്കില്‍ മാത്രമെ 16ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ വിവാഹ നടക്കാന്‍ പാടുള്ളൂ എന്നാണു നിര്‍ദ്ദേശം.

രാജ്യത്ത് നിലവില്‍ ബാല്യ വിവാഹത്തിനു കൃത്യമായ നിയന്ത്രണമില്ല. കഴിഞ്ഞ ദിവസം പാര്‍ലിമെന്റിന്റെ ജനപ്രാതിനിധ്യ സഭ പാസാക്കിയ ഏകീകൃത കുടുംബ നിയമത്തിന്റെ കരടിലാണു പുതിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചത്. രാജ്യത്ത് സുന്നി, ഷിയാ വിഭാഗങ്ങള്‍ക്കായി ആദ്യമായാണ് ഏകീകൃത കുടുംബ നിയമം നിലവില്‍ വരുന്നത്. ഈ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 142 ല്‍ ഇക്കാര്യം പരാമര്‍ശിക്കുന്നു.
ഗാര്‍ഹിക കേസുകള്‍ കൈകാര്യം ചെയ്യുന്ന ഷരിയാ കോടതികള്‍ക്കുവേണ്ടിയാണ് ഈ നിയമം നിര്‍മിക്കുന്നത്. വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി കേസ്, വിവാഹം, പിന്‍തുടര്‍ച്ചാ തര്‍ക്കം തുടങ്ങിയ കാര്യങ്ങളിലാണ് ഏകീകൃത നിയമം വരുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ വിവാഹം സംബന്ധിച്ച വിഷയങ്ങളാണ് ഏറ്റവും സങ്കീര്‍ണമായി നിലനില്‍ക്കുന്നതെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ, അപൂര്‍വമായി ആണ്‍കുട്ടികളേയും വിവാഹത്തിനായി നിര്‍ബന്ധിക്കുന്നത് നിലനില്‍ക്കുന്നതായും പാര്‍ലിമെന്റിന്റെ ലെജിസ്ലേറ്റീവ് ആന്റ് ലീഗല്‍ കാര്യ സമിതി വൈസ് ചെയര്‍മാന്‍ ഖാലിദ് അല്‍ ഷഈര്‍ പ്രതികരിച്ചു. ഇപ്പോള്‍ കുട്ടികളുടെ പ്രായം സംബന്ധിച്ചു രക്ഷിതാക്കള്‍ ഉണ്ടാക്കുന്ന കരാര്‍ പ്രകാരമാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുന്നത്.
അപൂര്‍വം സാഹചര്യങ്ങളില്‍ കോടതിയുടെ അനുമതിയോടെ പ്രായം തികയാത്ത കുട്ടികളുടെ വിവാഹം നടത്താനും നിയമം വ്യവസ്ഥ ചെയ്യുന്നു. 16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടി വിവാഹത്തിന് സമ്മതം നല്‍കിയാല്‍ പോലും ജഡ്ജി അനുമതി നല്‍കിയിട്ടില്ലെങ്കില്‍ വിവാഹം സാധ്യമല്ല.

നിലവിലുള്ള ബാല നിയമം 18 വയസ്സിനു താഴെയുള്ളവരെ വിവാഹത്തിനു നിര്‍ബന്ധിക്കുന്നതില്‍ രക്ഷിതാക്കളെ വിലക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശം ഉണ്ടാവേണ്ടത് ആവശ്യമായിരിക്കുന്നുവെന്ന് അല്‍ ഷഈര്‍ പറഞ്ഞു. വിവാഹത്തിനുള്ള കുറഞ്ഞ പ്രായം സംബന്ധിച്ച് കൃത്യമായ നിയമ വ്യവസ്ഥ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുന്നി, ഷിയാ വിഭാഗങ്ങളിലെ പണ്ഡിതര്‍ ഉള്‍ക്കൊള്ള സമിതി പരിശോധിച്ചു തയ്യാറാക്കിയ കരട് ബില്ലാണ് പാര്‍ലിമെന്റ് ചര്‍ച്ച ചെയ്ത് പാസ്സാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ