മനാമ: ബഹ്റൈനില്‍ പഴയതും പാരമ്പരാഗതമായതുമായ കെട്ടിടങ്ങള്‍ പുതുക്കി പണിയാനുള്ള പദ്ധതിയ്ക്ക് ക്യാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകാരം. കെട്ടിടങ്ങളെ കുറിച്ചും അവയ്ക്ക് വേണ്ട അറ്റകുറ്റപ്പണികളെ കുറിച്ചും പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഏത് തരത്തിലുള്ള അറ്റകുറ്റപ്പണിയാണ് വേണ്ടതെന്നും, ഇതിനായി എത്രത്തോളം ഫണ്ട് ആവശ്യമായി വരുമെന്നും കമ്മിറ്റി വിലയിരുത്തും.
യോഗത്തില്‍ ക്യാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് മുഹമ്മദ് അലി അല്ഖോസയും 19 കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. ഹൂറ ഏരിയയിലെ സോണിങ് മാറ്റുന്നതുമായി ബന്ധപ്പെട്ട് മറ്റൊരു ബില്ലും യോഗം ചര്‍ച്ചക്കെടുത്തു. പ്രവാസികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ഉപകരിക്കാനായി ഹോട്ട്ലൈന്‍ കൊണ്ടുവരുന്നതിന് കുറിച്ചും ചര്‍ച്ച ചെയ്തു. എന്നാല്‍ ഇ-ഗവൺമെന്റ് വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യം നേരത്തെ തന്നെ ഉണ്ടെന്നതിനാല്‍ ഇത് തള്ളി.
അവധിദിനങ്ങളില്‍ പാര്‍ക്കുകളില്‍ ഫുഡ് സ്റ്റോളുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം തത്കാലം നടപ്പാക്കേണ്ടെന്നും യോഗം തീരുമാനിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത് വേണ്ടെന്നു വെച്ചത്.