മനാമ: ബലാത്സംഗ കേസില്‍ ശിക്ഷയില്‍ നിന്നു രക്ഷപ്പെടാന്‍ ഇരയെ വിവാഹം കഴിക്കാന്‍ അനുവദിക്കുന്ന വ്യവസ്ഥക്കെതിരെ എംപിമാര്‍ രംഗത്ത്. ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്കു രക്ഷപ്പെടാനുള്ള പഴുതാണ് ആര്‍ട്ടിക്കിള്‍ 353 നല്‍കുന്നതെന്നു ചൂണ്ടിക്കാട്ടി എംപി മുഹമ്മദ് അല്‍ മാരിഫി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന് ഭൂരിഭാഗം സഭാംഗങ്ങളും അനുകൂലിച്ചു.

കുറ്റവാളികള്‍ക്ക് ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗമാണ് ഈ നിയമം നല്‍കുന്നതെന്നും ഇതിനാല്‍ കുറ്റവാളികള്‍ക്ക് ശിക്ഷിക്കപ്പെടില്ല എന്ന ധൈര്യം ഉണ്ടാകുമെന്നും എംപി പറഞ്ഞു. നിലവിലെ നിയമപ്രകാരം കുറ്റകൃത്യം ചെയ്യാന്‍ തുനിഞ്ഞ ആളുടെ കൂടെ താമസിക്കാന്‍ ബലാത്സംഗത്തിനിരയായ വ്യക്തി തയാറാകുന്ന പക്ഷം കുറ്റവാളിക്കു ശിക്ഷയില്‍ നിന്നു രക്ഷപ്പെടാം. ഒന്നിലധികം കുറ്റവാളികളുള്ള കൃത്യങ്ങളില്‍ മാത്രമേ ഇത്തരമൊരു ഇളവ് ലഭിക്കാതെ വരുന്നുള്ളൂ.

എന്നാല്‍ ഈ വ്യവസ്ഥ ശിക്ഷാനിയമത്തില്‍ നിന്നു നീക്കം ചെയ്യണമെന്ന ബഹ്‌റൈന്‍ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ നിരാകരിച്ചു. ഈ നിയമം ഉള്‍ക്കൊള്ളുന്ന വകുപ്പു പൂര്‍ണമായി ഒഴിവാക്കാനാകില്ലെന്നും എന്നാല്‍ ഭേദഗതികള്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്നു ചൂണ്ടിക്കാണിച്ചു. ഒരേ സംഭവത്തില്‍ ഒന്നിലധികം പേര്‍ കുറ്റാരോപിതരാകുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം ഇളവ് ലഭിക്കില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. സര്‍ക്കാര്‍ നല്‍കിയ മറുപടി അടുത്ത പ്രതിവാര സമ്മേളനത്തില്‍ പ്രാതിനിധ്യ സഭ ചര്‍ച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ