മനാമ: രാജ്യത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായി എംപി രംഗത്ത്. പാര്‍ലമെന്റ് അംഗം ജലാല്‍ ഖാദിം ആണ് നിര്‍ബന്ധമായും വര്‍ഷത്തില്‍ 400 ദിനാറെങ്കിലും ഫീസ് ഏര്‍പ്പെടുത്തണമെന്നുള്ള നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.

നോണ്‍ ബഹ്‌റൈനി വിദ്യാര്‍ഥികള്‍ക്കു ഫീസ് ഏര്‍പ്പെടുത്തുന്നതിനു നിലവിലുള്ള വിദ്യഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതര ജിസിസി രാജ്യങ്ങളില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ വിദ്യാഭ്യാസം അനുവദിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇത്തരത്തിലൊരു നിര്‍ദ്ദേശം അവതരിപ്പിക്കുന്നതെന്ന് എംപി പറഞ്ഞു.

ബഹ്‌റൈനികളല്ലാത്ത 16,000ത്തോളം വിദ്യാര്‍ഥികള്‍ രാജ്യത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്നുണ്ട്. ഇവരില്‍ നിന്ന് ഒരു വരുമാനവും രാജ്യത്തിനുണ്ടാകുന്നില്ല. 400 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിലൂടെ 6.7 മില്യണ്‍ ദിനാര്‍ രാജ്യത്തിന് ലഭിക്കുമെന്നും എംപി ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദേശം ഉടന്‍ പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷമായിരുന്നു എംപി ഇത്തരത്തിലൊരു നിര്‍ദ്ദേശവുമായി മുന്നോട്ട് വന്നത്. ഇതിന് പാര്‍ലിമെന്റിന്റെ നിയമകാര്യ സമിതി അംഗീകാരം നല്‍കിയിരുന്നു. രാജ്യത്തെ നിയമ മനുസരിച്ചു പൊതു വിദ്യാലയങ്ങളില്‍ എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസവും സെക്കന്‍ഡറി വിദ്യാഭ്യാസവും സൗജന്യമാണ്. ഈ നിയമ ഭേദഗതി ചെയ്യണമെന്നാണ് എംപിയുടെ ആവശ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ