മനാമ: സൗദി അറേബ്യക്കു പിന്നാലെ ബഹ്‌റൈനിലും സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുന്നു. സമാന്തര ബഹ്‌റൈന്‍വല്‍ക്കരണത്തിന്റെ രണ്ടാംഘട്ടം ഈ വര്‍ഷം മെയില്‍ ആരംഭിക്കും. മെയ് ഒന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നവര്‍ക്ക് പദ്ധതി ബാധകമായിരിക്കും. ബഹ്‌റൈന്‍ മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

ഇതിന്റെ ഭാഗമായി തൊഴില്‍ മേഖലകളില്‍ കൂടുതല്‍ സ്വദേശികളെ ഉള്‍പ്പെടുത്താന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ ബിന്‍ അല്‍ അബ്‌സി കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണ തോതറിയാന്‍ രാജ്യത്തെ കമ്പനികളില്‍ പരിശോധന നടത്തും. സ്വദേശികളെ ഉള്‍പ്പെടുത്താത്ത കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളെ ജോലിക്കെടുക്കാത്ത എല്ലാ കമ്പനികള്‍ക്കും ഇമെയില്‍ അയച്ചു.

ഓരോ കമ്പനികള്‍ക്കും ടാര്‍ഗറ്റ് നല്‍കിയതിലും താഴെയാണ് സ്വദേശിവല്‍ക്കരണമെങ്കില്‍ വര്‍ക്ക്‌പെര്‍മിറ്റ് പുതുക്കുമ്പോള്‍ ടാര്‍ഗറ്റിനനുസൃതമായി രണ്ടു വര്‍ഷത്തേക്ക് 300 ബഹറിന്‍ ദിനാര്‍ നല്‍കേണ്ടിവരും. സ്വദേശികള്‍ അവരുടെ കഴിവുകള്‍ വിവിധ മേഖലകളില്‍ തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ 60 ശതമാനം കമ്പനികളുടെ സ്വദേശിവല്‍ക്കരണത്തിനുള്ള പ്രതിബദ്ധതയെ അദ്ദേഹം പ്രശംസിച്ചു. ചില കമ്പനികള്‍ സ്വദേശികളുടെ കഴിവുകളുടെ അടിസ്ഥാനത്തില്‍ ഇവരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ഇതു കമ്പനികളുടെ ഉത്തരവാദിത്ത ബോധത്തെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വദേശികളെ റിക്രൂട്ട് ചെയ്യാനായി തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയവും തംകീനും നടത്തുന്ന തൊഴില്‍ സേവനങ്ങള്‍ ബിസിനസ് സമൂഹം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook