മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ഗ്യാസ് ചോര്‍ന്ന് വന്‍ സ്‌ഫോടനം. ആളാപായമില്ല. നിരവധി കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ബാബുല്‍ ബഹ്‌റൈന് പിന്നിലെ തെരുവിലാണ് ശകതമായ സ്‌ഫോടനം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ 7.05 ഓടെയാണ് പരിസരവാസികളില്‍ പരിഭ്രാന്തിപരത്തിയ സ്‌ഫോടനം ഉണ്ടായത്. ബാബുല്‍ ബഹ്‌റൈന്‍ പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തായാണ് സ്‌ഫോടനം. ഇവിടെ പ്രവര്‍ത്തിക്കുന്ന ബംഗാള്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിലെ ഗ്യാസ് സിലിണ്ടറാണ് ചോര്‍ന്ന് പൊട്ടിത്തെറിച്ചത്.

ഗ്യാസ് ചോര്‍ച്ചയാണ് സ്‌ഫോടനത്തിനു കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. ആര്‍ക്കും പരിക്കില്ലെന്നും അറിയിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും കേടുപാടുപറ്റി. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ അടര്‍ന്ന് അകലേക്ക് തെറിച്ചു വീണു. ഗ്ലാസ്, കുപ്പി കഷ്ണങ്ങള്‍ റോഡില്‍ വീണു ചിന്നി ചിതറി. സമീപത്തെ കടകളുടെ ഷട്ടറുകളും ജനലുകളും തകര്‍ന്നു.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകുന്ന സമയമാണിത്. എന്നാല്‍ സ്‌ഫോടനം നടക്കുമ്പോള്‍ ആരും ഇതുവഴി വന്നിരുന്നില്ല. പൊതുവെ നല്ല തിരക്കുള്ള സ്ഥലമാണിത്. ഇവിടെ ഷോപ്പുകള്‍ തുറന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. വിദ്യാര്‍തഥികളും മറ്റു വഴിയാത്രക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൊലീസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സഥലത്തെത്തി സമീപ കെട്ടിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. സ്‌ഫോടനത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ബാബുല്‍ ബഹ്‌റൈന്‍ വഴിയുള്ള റോഡില്‍ ഇന്നലെ ഗതാഗതവും തടസപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ