മനാമ: ഗാര്‍ഹിക ജോലിക്കാരുടെ ക്ഷേമം ഉറപ്പു വരുത്താനും അവരുടെ പരാതികള്‍ കേള്‍ക്കാനും ലേബര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീടുകളില്‍ പരിശോധന നടത്താന്‍ അനുമതി നല്‍കണമെന്ന് പ്രമുഖ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഗാര്‍ഹിക തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളികളില്‍ ഒന്ന് വീടുകളില്‍ നടക്കുന്ന നിയമ ലംഘനങ്ങള്‍ പരിശോധിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കു പ്രവേശനം ലഭിക്കുന്നില്ല എന്നതാണെന്ന് ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്‌റൈന്‍ ട്രേഡ് യൂണിയന്‍സ് (ജിഎഫ്ബിടിയു) വനിതകളുടേയും കുട്ടികളുടേയും കാര്യങ്ങള്‍ക്കായുള്ള സമിതിയുടെ മേധാവി സൗദ് മുബാറക്ക് പറഞ്ഞു.

വീട്ടുടമകളുടെ പലവിധത്തിലുള്ള പീഡനങ്ങള്‍ക്കിരയാകുന്ന വീട്ടു വേലക്കാര്‍ പരാതി പറയാനാവാതെ എല്ലാം സഹിക്കേണ്ടി വരുന്നു. പരാതി പറയാനാണെങ്കില്‍ പൊലീസ് സ്‌റ്റേഷനില്‍ പോകേണ്ട അവസ്ഥയാണുള്ളത്. പീഡനം സഹിക്കവയ്യാതെയാണു പലരും തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടുന്നത്. ഇത്തരത്തില്‍ ഒളിച്ചോടുന്നവര്‍ എത്തിപ്പെടുന്നത് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘങ്ങളുടെ വലയിലായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ തൊഴിലുടമകള്‍ ഭയപ്പെടുകയാണെന്നും തങ്ങള്‍ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അവര്‍ കരുതുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതം ഉറപ്പുവരുത്തുക എന്നതു മാത്രമാണ് ലക്ഷ്യം. എന്നാല്‍ തൊഴില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് വീടുകളില്‍ ചെന്നു കാര്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്ത കാലത്തോളം ഇതു സാധ്യമാകുക പ്രയാസകരമായിരിക്കുമെന്നും അവര്‍ പറയുന്നു. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശം സംബന്ധിച്ച് ജിഎഫ്ബിടിയുടെ ആഭിമുഖ്യത്തില്‍ ബഹ്‌റൈനില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.

വീട്ടുടമകളുടെ സ്വകാര്യത മാനിക്കപ്പെടേണ്ടതാണ്. എന്നാല്‍ വീട്ടകങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്കു ശമ്പളം ലഭിക്കുന്നുണ്ടോ അവര്‍ക്കു ജോലി ഭാരം പേറേണ്ടി വരുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഒളിച്ചോട്ടവും അവര്‍ നിയമ വിരുദ്ധ സംഘങ്ങളുടെ വലയില്‍ പെടുന്നതും തുടര്‍ന്നുകൊണ്ടിരിക്കും.

ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉയരാത്തതിനു പ്രധാന കാരണം അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വലിയ ഭയം തന്നെയാണ്. ഇത്തരം തൊഴിലാളികള്‍ക്കു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വിവിധ നിയമ വ്യവസ്ഥകള്‍ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കുമെന്നാണു കരുതുന്നത്. എന്നാല്‍ നിലവില്‍ ഗാര്‍ഹിക തൊഴിലാളികളില്‍ നിന്നു പരാതി ലഭിച്ചാല്‍ വീടുകളില്‍ ചെന്ന് അവരുടെ അവസ്ഥ പരിശോധിക്കാറുണ്ടെന്നാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അധികൃതര്‍ പറയുന്നത്. ഇത്തരം പരാതികള്‍ ശരിയാണെന്നു തെളിഞ്ഞാല്‍ തൊഴിലുടമയെ കരിമ്പട്ടികയില്‍ പെടുത്തുകയും പിന്നീട് ഗാര്‍ഹിക തൊഴിലാളികളെ സ്വീകരിക്കുന്നതില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

രാജ്യത്ത് തൊഴിലുടമയില്‍ നിന്നു ചാടിപ്പോകുന്ന വീട്ടു വേലക്കാരികളെ ഉപയോഗിച്ചു പെണ്‍വാണിഭം നടത്തുന്ന വൻ സംഘത്തെ കഴിഞ്ഞ ദിവസം മനാമയില്‍ പിടികൂടിയിരുന്നതായി ക്യാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് അന്വേഷണ വിഭാഗം മേധാവി മേജര്‍ മുഹമ്മദ് അല്‍ബുനൈന്‍ പറഞ്ഞു.
തെരുവില്‍ വച്ച് വീട്ടു വേലക്കാരികളെ സമീപിക്കുന്ന സംഘം മികച്ച ജോലി വാഗ്‌ദാനം ചെയ്യുകയും തൊഴിലുടമയില്‍ നിന്നു ചാടിപ്പോരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ടു രഹസ്യകേന്ദ്രത്തില്‍ താമസിപ്പിച്ച് പെണ്‍വാണിഭത്തിനു നിര്‍ബന്ധിക്കുന്ന സംഭവങ്ങളാണു പിടികൂടിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ