മനാമ: ബഹ്‌റൈന്‍ സുരക്ഷയുടേയും സുസ്ഥിരതയുടേയും മരുപ്പച്ചയാണെന്നു രാജാവ് ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ പറഞ്ഞു. ബഹ്‌റൈന്‍ ജനത ഒരു കുടുംബം പോലെ ചേര്‍ന്നു നില്‍ക്കുന്നതായും സഹവര്‍ത്തിത്വവും സഹിഷ്ണുതയും ശാന്തതയും രാജ്യത്തിന്റെ നാഗരിക പാരമ്പര്യത്തിന്റെ സവിശേഷതയായി ഉയര്‍ന്നു നില്‍ക്കുന്നതായും രാജാവ് ചൂണ്ടിക്കാട്ടി.

സാകിര്‍ കൊട്ടാരത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, കിരീടാവകാശി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിമാര്‍, സുപ്രിം ജുഡീഷ്യല്‍ കൗണ്‍സില്‍ ആക്ടിങ് പ്രസിഡന്റ്, നാഷണല്‍ ഓഡിറ്റ് ഓഫീസ് ചീഫ്, ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍, ഗവര്‍ണര്‍മാര്‍, മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു. വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാരും കൂടിക്കാഴ്ചയില്‍ പങ്കു കൊണ്ടു.

അതിഥികള്‍ രാജാവിന് റമസാന്‍ ആശംസ നേര്‍ന്നു. രാജാവിന് ആരോഗ്യവും സന്തോഷവും ആശംസിച്ച അവര്‍ രാജ്യത്തിനു കൂടുതല്‍ അഭിവൃദ്ധിയും സുരക്ഷയും സുസ്ഥിരതയും ഉണ്ടാവട്ടെയെന്നും ആശംസിച്ചു. രാജ്യത്തിന്റെ മുന്നേറ്റത്തില്‍ എല്ലാ തലങ്ങളിലും പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന പ്രമുഖരെ രാജാവ് പ്രത്യഭിവാദ്യം ചെയ്തു. പരിശുദ്ധ റമസാന്‍ ആശംസ അര്‍പ്പിച്ച എല്ലാവര്‍ക്കും രാജാവ് നന്ദി അറിയിച്ചു. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഇവിടുത്തെ താമസക്കാര്‍ക്കും റമദാന്‍ ആശംസ നേരുന്നതായും അറബ് ഇസ്‌ലാമിക രാജ്യങ്ങള്‍ക്കെല്ലാം സര്‍വശക്തന്‍ ഐശ്വര്യവും സമാധാനവും നല്‍കട്ടെയെന്നും രാജാവ് ആശംസിച്ചു.

ബോംബ് നിര്‍മാണത്തിനു വായ്പ; ബിസിനസുകാരനെതിരെ വിചാരണ തുടങ്ങി
മനാമ: ബോംബു നിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ ബഹ്‌റൈനി ബിസിനസ്സുകാരന്‍ 1,20,000 ദിനാര്‍ ഭീകര സംഘങ്ങള്‍ക്കു ബാങ്കില്‍ നിന്നു വായ്പ എടുത്തു നല്‍കിയ കേസില്‍ വിചാരണ തുടങ്ങി. നുവൈദറത്തില്‍ വീട്ടില്‍ സ്‌ഫോടക വസ്തു നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിപ്പിച്ച കേസില്‍ അറസ്റ്റിലായ 39 കാരനാണ് ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നത്. പൊലീസിനെ ആക്രമിക്കുന്ന തരത്തിലുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്ന ഭീകര സംഘടനകള്‍ക്കു സാമ്പത്തിക സഹായം നല്‍കാന്‍ ഇയാളുടെ നിര്‍മാണ കമ്പനി തയ്യാറായെന്നാണു വിവരം. ഇയാളുടെ കമ്പനി ചൈനയില്‍ നിന്നു ബോംബു നിര്‍മാണത്തിനാവശ്യമായ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതായും ആരോപണമുണ്ട്.

പ്രതി ബാങ്കില്‍ നിന്നു 1,20,000 ദിനാര്‍ ലോണ്‍ എടുത്തതായും ഈ സംഖ്യ ബഹ്‌റൈനിലെ ഒരു ഭീകര സംഘടനക്കു ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ നല്‍കിയതായും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പണം ഭീകര സംഘത്തിലെ ചിലര്‍ക്കു കൈമാറുകയും ബാക്കി പണം ഇറാഖിലുള്ള മറ്റൊരു പ്രതിക്കു നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി തന്റെ കൊമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ (സിആര്‍) ഉപയോഗിച്ചാണ് വായ്പ തരപ്പെടുത്തിയത്. ഏഴു പ്രതികളോടൊപ്പമാണ് ഇയാള്‍ അറസ്റ്റിലായത്. സരയ അല്‍ അസ്തര്‍ എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണു പ്രതികളെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook