മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച “കഥയരങ്ങ് ” ചെറുകഥയുടെ സവിശേഷതകൾ വിശകലനം ചെയ്യുന്ന സജീവ ചർച്ചാവേദിയായി. മലയാള ചെറുകഥയുടെ സംഭവബഹുലമായ 125 വർഷങ്ങൾ മലയാളത്തിനു നൽകിയ സംഭാവനകൾ നിസ്തുലങ്ങളാണെന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു, അതിന് ബഹ്റൈൻ പ്രവാസികളും തങ്ങളുടേതായ കനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ടെന്നും, വരും ദിനങ്ങളിൽ സമാജം സാഹിത്യ വേദി, ക്യാമ്പുകളടക്കം നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈനിലെ എഴുത്തുകാരുടേയും സാഹിത്യ തൽപരരുടേയും പൊതു ഇടമായി സാഹിത്യ വേദിയെ വിപുലപ്പെടുത്തുമെന്ന് സമാജം ജനറൽ സെക്രട്ടറി എൻ.കെ.വീരമണി പറഞ്ഞു. കഥയരങ്ങിൽ മലയാളത്തിലെ പ്രശസ്തമായ നാലു കഥകൾ അവതരിപ്പിക്കുകയുണ്ടായി. രൂപപരിണാമം ഒരു ആഖ്യാന തന്ത്രമായി ഉപയോഗിച്ച് വലിയ രാഷ്ട്രീയ ചരിത്ര സാമൂഹ്യ സത്യങ്ങൾ മുന്നോട്ട് വച്ച കഥയാണ് ഒ.വി.വിജയന്റെ അരിമ്പാറ എന്ന് ഈ കഥ അവതരിപ്പിച്ച കൃഷ്ണ കുമാർ പറഞ്ഞു. സക്കറിയയുടെ അറുപത് വാട്സിന്റെ സൂര്യൻ എന്ന കഥ ബാജി ഓടംവേലിയും, പി.വി.ഷാജികുമാറിന്റെ ഉള്ളാൾ എന്ന കഥ അജിത് അനന്തപുരിയും, ടി.പത്മനാഭന്റെ മരയ എന്ന കഥ ജോസ് ആന്റണിയും അവതരിപ്പിച്ചു.

മലയാള കഥയുടെ ഭാവപരിണാമങ്ങൾ എന്ന വിഷയത്തിൽ അനിൽ വേങ്കോട് സംസാരിച്ചു. കഥയുടെ രൂപത്തിലും ഭാവത്തിലും വരുന്ന മാറ്റങ്ങൾ, യാഥാർത്ഥ്യത്തെ അറിയുന്നതിൽ മനുഷ്യൻ കൈവരിക്കുന്ന ആഴങ്ങളാൽ മാറി മാറി വരുന്നതാണെന്നും, റിയലിസത്തിൽ നിന്ന് ആധുനികതയിലേക്കും അവിടെ നിന്ന് ഉത്തരാധുനികതയിലേക്കും കഥ മാറിയത് അതുവരെ ചിത്രീകരിക്കാൻ കഴിയാതെ പോയ യാഥാർത്ഥ്യത്തെ ചിത്രീകരിക്കാൻ ആണെന്നും അഭിപ്രായപ്പെട്ടു. ചടങ്ങിൽ സാഹിത്യ വേദി കൺവീനർ വിജു കൃഷ്ണൻ മോഡറേറ്ററായിരുന്നു. സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ് സംസാരിച്ചു. ബാലചന്ദ്രൻ കൊന്നക്കാട് നന്ദി രേഖപ്പെടുത്തി.

ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ വന്‍ വിജയമാക്കുക: ഐഎസ്പിപി
മനാമ: ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ വന്‍ വിജയമാക്കാന്‍ സ്‌കൂള്‍ അഭ്യുദയകാംക്ഷികളായ രക്ഷിതാക്കളുടെ സംഘടനയായ ഐഎസ്പിപി എക്‌സിക്യൂട്ടീവ് യോഗം അഭ്യര്‍ത്ഥിച്ചു. സ്‌കൂളിലെ ജീവനക്കാരുടെ ക്ഷേമത്തിനും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനും വേണ്ടിയാണ് മെഗാഫെയർ 2017 നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് ഫെയറിന്റെ വിജയത്തിനായി എല്ലാ രക്ഷിതാക്കളും രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂളിന്റെ ഉത്തമ താല്‍പര്യ സംരക്ഷണത്തിനു നേതൃത്വം നല്‍കുന്ന ചെയര്‍മാന്‍ പ്രിന്‍സ് എസ്.നടരാജന്റെയും പിപിഎയുടെയും നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം രക്ഷിതാക്കളെയും സാമൂഹ്യ ജന പ്രതിനിധികളെയും ഉള്‍പ്പെടുത്തി ഒരു സമവായ കമ്മിറ്റിയാണ് സ്‌കൂളിന്റെ വളര്‍ച്ചയ്ക്കു ആവശ്യമെന്ന് യോഗം വിലയിരുത്തി.

എല്ലാവിഭാഗം അമിതാധികാര പ്രവണതയുള്ളവരെയും അധികാരമോഹികളെയും ഒഴിവാക്കി നിസ്വാര്‍ത്ഥമായി പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് മനുഷ്യനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേയ്ക്കു നയിക്കുന്ന വിദ്യാലയത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. വിനീഷ്‌ നമ്പ്യാര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പങ്കജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയഫര്‍ മൈതാനി, ഭൂപീന്ദര്‍ സിംഗ്, ഖുര്‍ഷിദ് ആലം, ബി.രാജീവ്, സുജിത്, മഹേഷ് പിള്ള, ജെയ്‌സണ്‍, അഷറഫ്, ജോണ്‍, അബ്ദുറഹിമാന്‍ മാട്ടൂല്‍ എന്നിവര്‍ സംസാരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook